Tuesday, November 26, 2024

സര്‍ക്കാര്‍ രൂപീകരിക്കാന്‍ കെയ്ര് സ്റ്റാര്‍മറെ ഔദ്യോഗികമായി ക്ഷണിച്ച് ചാള്‍സ് മൂന്നാമന്‍ രാജാവ്

യു.കെ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം കൈവരിച്ച കെയ്ര് സ്റ്റാര്‍മര്‍ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് മൂന്നാമന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചക്കായാണ് അദേഹം ഭാര്യ വിക്ടോറിയയ്ക്കൊപ്പം കൊട്ടാരത്തിലെത്തിയത്. സര്‍ക്കാര്‍ രൂപീകരിക്കാനും പ്രധാനമന്ത്രിയാകാനും അദേഹത്തെ ചാള്‍സ് രാജാവ് ഔദ്യോഗികമായി ക്ഷണിച്ചിരുന്നു.

14 വര്‍ഷമായി ബ്രിട്ടണില്‍ അധികാരത്തിലിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കെതിരെ കെയ്ര് സ്റ്റാര്‍മര്‍ നേതൃത്വം നല്‍കുന്ന ലേബര്‍ പാര്‍ട്ടി വന്‍ വിജയമാണ് നേടിയത്. അതേസമയം 44 കാരനായ റിഷി സുനക് നേരത്തെ തന്നെ ചാള്‍സ് മൂന്നാമനെ കണ്ട് രാജി സമര്‍പ്പിച്ചിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയമാണ് റിഷി സുനക് ഏറ്റുവാങ്ങിയത്.

‘നിങ്ങളുടെ ദേഷ്യവും നിരാശയും ഞാന്‍ മനസിലാക്കി ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. അക്ഷീണമായി പ്രവര്‍ത്തിച്ചിട്ടും വിജയിക്കാതെ പോയ എല്ലാ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥികള്‍ക്കും പ്രചാരകര്‍ക്കും നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് അര്‍ഹമായത് നല്‍കാന്‍ കഴിയാത്തതില്‍ ഞാന്‍ ഖേദിക്കുന്നു’- സുനക് പറഞ്ഞു.

412 സീറ്റുകള്‍ പിടിച്ചാണ് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 121 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കടുത്ത പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയാകും കെയിര്‍ സ്റ്റാര്‍മറിന്റെ മുന്നിലുള്ള പ്രധാന വെല്ലുവളി.

‘ഇതുപോലൊരു സ്ഥാനത്തിന് വലിയ ഉത്തരവാദിത്തമുണ്ട്. ഈ രാജ്യത്തെ ഒന്നിച്ചുനിര്‍ത്തുന്ന ആശയങ്ങള്‍ നവീകരിക്കുക എന്ന വലിയ ചുമതല നിര്‍വഹിക്കാനുണ്ട്. നിങ്ങള്‍ ആരായാലും, നിങ്ങള്‍ ജീവിതത്തില്‍ എവിടെയായിരുന്നാലും, നിങ്ങള്‍ കഠിനാധ്വാനം ചെയ്താല്‍, നിങ്ങള്‍ നിയമങ്ങള്‍ക്കനുസൃതമായി നന്നായി പ്രവര്‍ത്തിച്ചാല്‍, ഈ രാജ്യം നിങ്ങള്‍ക്ക് മുന്നേറാന്‍ ന്യായമായ അവസരം നല്‍കും. അത് എല്ലായ്പ്പോഴും നിങ്ങളുടെ സംഭാവനകളെ മാനിക്കും. ”-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News