Wednesday, April 2, 2025

അതുല്യ യോദ്ധാവ്, ഛത്രപതി ശിവജി

ധീരതയ്ക്കും ധാര്‍മ്മികതയ്ക്കും പേരുകേട്ട സാമ്രാജ്യസ്ഥാപകനും യോദ്ധാവുമായ വ്യക്തിയായിരുന്നു ശിവജി. 1627 ഫെബ്രുവരി 19 ന് മഹാരാഷ്ട്രയിലെ ശിവനേരികോട്ടയില്‍ ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനായാണ് ശിവാജി ജനിച്ചത്. മാതാവില്‍ നിന്ന് ഇതിഹാസ-പുരാണകഥകള്‍ കേട്ടുവളര്‍ന്ന അദ്ദേഹം ഒരു തികഞ്ഞ യോദ്ധാവും, രാഷ്ട്രതന്ത്രജ്ഞനുമായാണ് വളര്‍ന്നത്. ആയോധനകല, കുതിരസവാരി, തുടങ്ങിയ പ്രായോഗിക വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവ ഗ്രന്ഥങ്ങളിലും അദ്ദേഹം പ്രാഗത്ഭ്യം നേടിയിരുന്നു.

പതിനാറു വയസ്സുള്ളപ്പോള്‍ മാവേല എന്ന ദേശക്കാരെ സംഘടിപ്പിച്ച് ശിവജി സമീപപ്രദേശങ്ങള്‍ ആക്രമിച്ച് സ്വന്തം അധീനതയിലാക്കി. തുടര്‍ന്ന് മുദ്രോദേവ്, സൂപ, ചക്കാന്‍, കൊണ്ടാന എന്നിവയും പിടിച്ചടക്കി. ചുരുങ്ങിയ കാലത്തിനുള്ളില്‍ സിങ്ഗാഡ്, ജവാലി, കൊങ്കണ്‍, ഔറംഗബാദ്, സൂററ്റ് എന്നിവിടങ്ങളിലെ കോട്ടകളും തന്റെ അധീനതയിലാക്കി. രാജ്ഗര്‍ എന്ന ഒരു പുതിയ കോട്ട അദ്ദേഹം പണിയുകയും ചെയ്തു. 1674-ല്‍ മറാത്ത സാമ്രാജ്യം സ്ഥാപിച്ച് ‘ഛത്രപതി’ എന്ന പദവിയും സ്വീകരിച്ചു.

മുഗളരുമായി യുദ്ധം

1664ല്‍ ശിവജിയുടെ സൂററ്റ് അക്രമണത്തോടെ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബുമായി യുദ്ധമായി. ഔറംഗസീബ് കൂടിക്കാഴ്ചയ്ക്ക് ശിവജിയെ ക്ഷണിച്ച് തടവിലാക്കി. അവിടെ നിന്നും തന്ത്രപൂര്‍വ്വം രക്ഷപ്പെട്ട് മഹാരാഷ്ട്രയിലെത്തിയ അദ്ദേഹം ഭരണം ചിട്ടപ്പെടുത്തി. സൈന്യത്തെ മുഗളര്‍ക്കെതിരെ സജ്ജമാക്കി. മുഗളന്മാരുമായുള്ള യുദ്ധത്തില്‍ തന്ത്രപരമായ നീക്കത്തിലൂടെ ശിവജി ആധിപത്യം ഉറപ്പിച്ചു. ചില കോട്ടകള്‍ മുഗളന്മാര്‍ക്ക് വിട്ടുകൊടുക്കേണ്ടി വന്നെങ്കിലും അധികം താമസിയാതെ അവ തിരിച്ചുപിടിച്ചു.

ഛത്രപതി ശിവജി

ശിവജി 1674ല്‍ ആണ് മഹാരാഷ്ട്ര രാജ്യം സ്ഥാപിക്കുകയും ഛത്രപതിയായി കിരീടധാരണം നടത്തുകയും ചെയ്തത്. ഹൈന്ദവ ആചാരപ്രകാരമാണ് ശിവജി ഭരണം നടത്തിയിരുന്നത്. എന്നാല്‍ ഒരിക്കലും മുസ്ലിങ്ങള്‍ക്ക് എതിരായിരുന്നില്ല. യുദ്ധത്തിലും ഭരണത്തിലും ഒരു പോലെ മികവ് പ്രകടിപ്പിച്ച അദ്ദേഹത്തിന് 40,000 പേരടങ്ങിയ സൈന്യമുണ്ടായിരുന്നു. സേനയില്‍ ധാരാളം മുസ്ലിം യോദ്ധാക്കളും ഉണ്ടായിരുന്നു. ഭരണ സൗകര്യത്തിനായി രാജ്യത്തെ പ്രാന്തം അഥവാ സൂബ (ജില്ല) കളായും, ജില്ലകളെ മഹലുകളായും (താലൂക്ക്) തിരിച്ചു. ഭരണകാര്യങ്ങളില്‍ അദ്ദേഹത്തെ സഹായിക്കാന്‍ ‘അഷ്ടപ്രധാന്‍’ എന്നൊരു മന്ത്രിസഭ രൂപീകരിച്ചു. ഇദ്ദേഹത്തിന്റെ ഭരണം മതപരമായ സഹിഷ്ണുതക്ക് പ്രസിദ്ധമാണ്. ശിവജിയുടെ ഉയര്‍ച്ച മുഗള്‍ ഭരണത്തിന്റെ അസ്തമയത്തിനിടയാക്കി. ഭരണാധികാരി എന്ന നിലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ശിവജിക്ക് കഴിഞ്ഞു. അഴിമതിയും രാജ്യദ്രോഹവും അദ്ദേഹം വച്ചു പൊറുപ്പിച്ചിരുന്നില്ല. അടിമത്തത്തിന്റെ അവശിഷ്ടങ്ങളായി നിന്ന എല്ലാത്തിനേയും അദ്ദേഹം തിരസ്‌കരിച്ചു. 1680 ഏപ്രില്‍ 3-ന് അദ്ദേഹം അന്തരിച്ചു.

ശിവജിയുടെ ചിതയില്‍ ചാടിയ വാഗ്യ എന്ന നായ

വേട്ടയ്ക്ക് പോയപ്പോഴാണ് ശിവജിയ്ക്ക് മുലകുടി മാറാത്ത, ഇന്ത്യന്‍ ബ്രീഡായ ഒരു നായയെ കിട്ടിയത്. വലുപ്പത്തില്‍ കുഞ്ഞനും ഉശിര് കൂടിയ ഇനവുമായിരുന്നു അത്. കടുവ ഗര്‍ജ്ജനം പോലുള്ള അതിന്റെ കുര കേട്ടാണ് ശിവജി അതിന് വാഗ്യ (കടുവ) എന്ന് പേരിട്ടത്. പിന്നീട് തന്റെ വേട്ടകളിലും പോരാട്ടങ്ങളിലുമെല്ലാം ശിവജിയുടെ ഇടംകൈയായി വാഗ്യ ഉണ്ടായിരുന്നു. ശിവജിയെ പല ആപത്തുകളില്‍ നിന്നും വാഗ്യ രക്ഷിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹം രാജാവായപ്പോള്‍ സിംഹാസനത്തിനടുത്ത് അവനും സ്ഥാനം നല്‍കി. പിന്നീട് ശിവജി മരിച്ച്, അദ്ദേഹത്തെ ദഹിപ്പിക്കാനായി ചിതയ്ക്ക് തീ കൊടുത്തപ്പോള്‍ വാഗ്യ അതിലേക്ക് ചാടി. കണ്ടു നിന്നവര്‍ വാഗ്യയെ അഗ്‌നിയില്‍ നിന്ന് വലിച്ചെടുത്തെങ്കിലും ഗുരുതരമായി പൊള്ളലേറ്റ വാഗ്യ രണ്ടു ദിവസത്തിനുള്ളില്‍ മരിച്ചു. ഛത്രപതി ശിവജി അന്ത്യവിശ്രമം കൊള്ളുന്ന റായ്ഗഡ് കോട്ടയില്‍ അദ്ദേഹത്തെ നോക്കി നില്‍ക്കുന്ന വാഗ്യ എന്ന വേട്ടനായുടെ പ്രതിമ ഇന്ന് ആയിരക്കണക്കിന് സന്ദര്‍ശകരില്‍ കൗതുകമുണര്‍ത്തി നിലകൊള്ളുന്നു.

 

Latest News