Friday, April 4, 2025

പ്രതിഷേധങ്ങള്‍ ഫലം കണ്ടു; ഏഴാം ക്ലാസിലെ പാഠപുസ്തകത്തില്‍ നവോത്ഥാന നായകരുടെ പട്ടികയില്‍ ചാവറയച്ചനും

പ്രതിഷേധത്തിനൊടുവില്‍ സ്‌കൂള്‍ പാഠപുസ്തകത്തില്‍ കേരളത്തിലെ ആദ്യകാല സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ നിരയില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഉള്‍പ്പെടുത്തി. പത്തു വര്‍ഷത്തിനു ശേഷമാണു സാമൂഹികപരിഷ്‌കര്‍ത്താക്കളുടെ നിരയില്‍ ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍ ചാവറയച്ചനെ ഉള്‍പ്പെടുത്തിയത്.

സാമൂഹികശാസ്ത്രം പുസ്തകത്തിലെ നാലാം അധ്യായത്തിലാണ് ചാവറയച്ചന്റെ സംഭാവനകള്‍ ഉള്‍പ്പെടുത്തിയത്. ശ്രീനാരായണ ഗുരു, കുര്യാക്കോസ് ഏലിയാസ് ചാവറ, വൈകുണ്ഠ സ്വാമികള്‍, ചട്ടമ്പിസ്വാമികള്‍, വക്കം അബ്ദുള്‍ ഖാദര്‍ മൗലവി, പൊയ്ക്കയില്‍ യോഹന്നാന്‍, പണ്ഡിറ്റ് കെ.പി. കറുപ്പന്‍, ദാക്ഷായണി വേലായുധന്‍ എന്നീ ക്രമത്തിലാണ് സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ നിരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ശ്രീ നാരായണ ഗുരുവിനും മുന്നേ കേരളസമൂഹത്തില്‍ സാമൂഹികപരിഷ്‌കരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ചാവറയച്ചനെ ഈ പട്ടികയില്‍ ചേര്‍ക്കാത്തതില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു. നാളുകളായി സാമൂഹികപരിഷ്‌കര്‍ത്താക്കളുടെ നിരയില്‍ ചാവറയച്ചനെ ഉള്‍പ്പെടുത്തണമെന്നുള്ള ആവശ്യം ഉയര്‍ന്നിരുന്നു. ഈ അഭ്യര്‍ഥനയും പ്രതിഷേധവുമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്.

 

Latest News