ലോക ചെസ് ഒളിമ്പ്യാഡിന് ഇന്ന് തുടക്കം. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മുഖ്യാതിഥിയാകും. മത്സരങ്ങള്‍ നാളെമുതല്‍ ആഗസ്ത് 10 വരെ മഹാബലിപുരത്ത് നടക്കും. ആദ്യ റൗണ്ട് മത്സരം നാളെ പകല്‍ മൂന്നിന് മഹാബലിപുരത്തുള്ള ഫോര്‍ പോയിന്റ് ഷെറാട്ടണ്‍ ഹോട്ടലില്‍ ആരംഭിക്കും.
ഓപ്പണ്‍, വനിതാ വിഭാഗങ്ങളിലാണ് മത്സരം. ഓപ്പണില്‍ 188 ടീമുകളും വനിതകളില്‍ 162 ടീമുകളും അണിനിരക്കും. ആതിഥേയരായതിനാല്‍ ഇന്ത്യ രണ്ട് വിഭാഗത്തിലും മൂന്ന് ടീമുകളെവീതം ഇറക്കുന്നു. ഒരു ടീമില്‍ അഞ്ച് കളിക്കാരാണുള്ളത്. ഒരു റൗണ്ടില്‍ രണ്ട് ടീമുകളിലെ നാല് കളിക്കാര്‍വീതം പരസ്പരം ഏറ്റുമുട്ടും. കൂടുതല്‍ മത്സരം ജയിക്കുന്ന ടീം വിജയിയാകും. ആകെ 11 റൗണ്ട് മത്സരമാണ്.
കരുത്തരായ റഷ്യയും ചൈനയും പങ്കെടുക്കുന്നില്ല. ഓപ്പണ്‍ വിഭാഗത്തില്‍ ഇന്ത്യക്ക് കിരീടസാധ്യതയുണ്ടെന്നാണ് ലോക ചാമ്പ്യനായ മാഗ്‌നസ് കാള്‍സന്റെ പ്രവചനം. നോര്‍വെ ടീമില്‍ കാള്‍സനുണ്ട്. അമേരിക്കയും അസര്‍ബൈജാനും വെല്ലുവിളി ഉയര്‍ത്തും.
2014ലും 2021ലും വെങ്കലം നേടിയിട്ടുണ്ട്. 2020 ഓണ്‍ലൈന്‍ മത്സരത്തില്‍ റഷ്യയുമായി സ്വര്‍ണം പങ്കിട്ടു. വനിതകളില്‍ ഉക്രയ്ന്‍, ജോര്‍ജിയ, കസാക്കിസ്ഥാന്‍ ടീമുകള്‍ കരുത്തരാണ്.