‘മിട്ടി കഫേ’ എന്ന പേരില്‍ ഭിന്നശേഷി വിഭാഗക്കാരുടെ മേല്‍നോട്ടത്തില്‍ സുപ്രീംകോടതിയില്‍ കഫേ പ്രവര്‍ത്തനം ആരംഭിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ് വെള്ളിയാഴ്ച്ച കഫേ ഉദ്ഘാടനം ചെയ്തത്. സുപ്രീംകോടതി ജഡ്ജിമാരും അറ്റോണി ജനറല്‍ ആര് വെങ്കടരമണിയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ശേഷം ഭിന്നശേഷി വിഭാഗക്കാരെ കോടതിയുടെ ഭാഗമാക്കാന്‍ വേണ്ടി നിരവധി ഇടപെടലുകള്‍ നടത്തിയിരുന്നു.
സര്‍ക്കാരേതരസംഘടനയായ ‘മിട്ടികഫേ’ ഭിന്നശേഷി വിഭാഗക്കാരുടെ ഉപജീവനത്തിനായി പ്രവര്‍ത്തിക്കുന്നതാണ്. കോവിഡ് സമയത്ത് ഭിന്നശേഷി വിഭാഗക്കാരെ സഹായിക്കാന്‍ ‘മിട്ടികഫേ’യുടെ ആഭിമുഖ്യത്തില്‍ രാജ്യത്ത് 38 കഫേകള്‍ ആരംഭിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
പുതിയ സംരംഭത്തെ എല്ലാവരും പിന്തുണയ്ക്കണമെന്നും ഭിന്നശേഷി വിഭാഗക്കാരായ അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കും കോടതി നടപടികളില്‍ പങ്കാളികളാകാന്‍ വേണ്ട ഇടപെടലുകള്‍ രാജ്യത്തെ എല്ലാ കോടതികളും സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടന വേളയില്‍ ദേശീയഗാനം ചിഹ്നഭാഷയില്‍ ആലപിച്ചത് ശ്രദ്ധേയമായി.