സിബിഐ ഉള്‍പ്പെടെയുള്ള പ്രധാന അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം വളരെ സങ്കുചിതമാകുന്നുവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സുപ്രധാന കേസുകളില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തികാരോഗ്യത്തിനും പൊതുക്രമത്തിനും ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിബിഐ സ്ഥാപകദിനത്തില്‍ ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ ഇരുപതാമത് ഡി.പി. കോഹ് ലി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു ചീഫ് ജസ്റ്റീസ്.
സിബിഐ പോലുള്ള അന്വേഷണ ഏജന്‍സികള്‍ അവരുടെ അന്വേഷണത്തിലും അധികാരം ഉപയോഗിക്കുന്നതിലും ഉള്‍പ്പടെ സന്തുലിതാവസ്ഥ പാലിക്കണം. ശരിയായ നടപടിക്രമമാണ് ഈ സന്തുലിതാവസ്ഥയുടെ കാതല്‍.
അഴിമതിവിരുദ്ധ അന്വേഷണ ഏജന്‍സി എന്നതിനപ്പുറം വിവിധ തരത്തിലുള്ള ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കാന്‍ സിബിഐയോട് കൂടുതല്‍ ആവശ്യപ്പെടുന്നത് അവര്‍ക്ക് വലിയ ഉത്തരവാദിത്വം ഉണ്ടാക്കുകയാണെന്നും ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.