അഭിഭാഷകരിലും ജുഡീഷ്യല്‍ ഓഫിസര്‍മാരിലുമുള്ള വനിതകളുടെ വലിയ പ്രാതിനിധ്യം കൊണ്ടു കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്നു കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജെ.ദേശായി. സര്‍വീസില്‍നിന്നു വിരമിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഫുള്‍കോര്‍ട്ട് റഫറന്‍സില്‍ യാത്രയയപ്പ് നല്‍കുന്ന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷാ വിഷയങ്ങളില്‍ കേരളം കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു വികസനത്തിലും മാനവശേഷി വികസനത്തിലും പ്രചോദനവും മാര്‍ഗനിര്‍ദേശവും നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, അഡ്വക്കറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണക്കുറുപ്പ്, അഡ്വക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് യശ്വന്ത് ഷേണായി എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
മുന്‍ ജഡ്ജിമാരും അഭിഭാഷകരും ഹൈക്കോടതി ജീവനക്കാരുമടങ്ങുന്ന വലിയ നിരയാണ് ജസ്റ്റിസ് എ.ജെ.ദേശായിക്കുള്ള യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത്. ലിംഗസമത്വത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ പുരോഗമന സമീപനവും ശക്തമായ വിദ്യാഭ്യാസ അടിത്തറയും നയപരിപാടികളുമാണ് അഭിഭാഷക മേഖലയിലും ജുഡീഷ്യല്‍ സര്‍വീസിലുമുള്ള വനിതകളുടെ വലിയ പ്രാതിനിധ്യത്തിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണ 1600 പേര്‍ അഭിഭാഷകരായി എന്റോള്‍ ചെയ്തു. അതില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ വനിതകളായിരുന്നു. ഒരുപക്ഷേ വനിതാ അഭിഭാഷകര്‍ പുരുഷന്മാരേക്കാള്‍ കൂടുതലുള്ള ഒരേയൊരു സംസ്ഥാനമായിരിക്കും കേരളം. കേരളത്തിന്റെ സാമൂഹികമായ പുരോഗതിയും ലിംഗസമത്വത്തിനു വേണ്ടിയുള്ള ശ്രമങ്ങളും മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ്.
ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായി വിരമിക്കുന്നതിനു മുമ്പ് ജില്ലാ ജഡ്ജിയായിരുന്ന പിതാവിന്റെ സ്ഥലം മാറ്റം കാരണം ഒട്ടേറെ ജില്ലകളില്‍ താന്‍ താമസിച്ചിട്ടുണ്ടെന്നും രാജ്യത്ത് കണ്ട മികച്ച ജില്ലാ കോടതികളാണ് കേരളത്തിലുള്ളതെന്നും ജസ്റ്റിസ് എ.ജെ.ദേശായി പറഞ്ഞു.