Sunday, November 24, 2024

മദ്രസകളിലെ അമുസ്ലീം കുട്ടികളുടെ വിവരങ്ങള്‍ നല്‍കിയില്ല; 11 ചീഫ് സെക്രട്ടറിമാരെ ദേശീയ ബാലാവകാശ കമ്മീഷന്‍ വിളിപ്പിച്ചു

മദ്രസകളില്‍ പഠിക്കുന്ന മുസ്ലീങ്ങളല്ലാത്ത കുട്ടികളെക്കുറിച്ച് വിവരം നല്‍കാത്തതിന് 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് ദേശീയ ബാലാവകാശ കമ്മിഷന്‍ (എന്‍സിപിസിആര്‍) സമന്‍സ് അയച്ചു.

ഹരിയാന, ഗോവ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകള്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മേഘാലയ, തെലങ്കാന എന്നിവടങ്ങളില്‍ നിന്നുള്ള ചീഫ് സെക്രട്ടറിമാരെയാണ് ബാലാവകാശ കമ്മിഷന്‍ വിളിച്ചു വരുത്തിയത്. മദ്രസകളില്‍ പോകുന്നതോ താമസിക്കുന്നതോ ആയ ഹിന്ദുക്കളും മറ്റ് മുസ്ലിം ഇതര വിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികളെയും കണ്ടെത്താന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ബാലാവകാശ കമ്മീഷന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്ടെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ പ്രിയാങ്ക് കനൂംഗോ പറഞ്ഞു.

രേഖകളിലില്ലാത്തതും അംഗീകാരമില്ലാത്തതുമായ എല്ലാ മദ്രസകളെയും രേഖപ്പെടുത്തി അവിടെ പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും കമ്മിഷന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹരിയാന, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ് എന്നിവടങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ ജനുവരി 12-ന് ദേശീയ ബാലാവകാശ കമ്മിഷന് മുന്നില്‍ ഹാജരാകണം. ആന്‍ഡമാന്‍സിലെയും ഗോവയിലെയും ചീഫ് സെക്രട്ടറിമാര്‍ ജനുവരി 15-ന് കമ്മിഷന് മുന്നിലെത്തണം.

മുസ്ലിം ഇതരവിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയ സര്‍ക്കാര്‍ അംഗീകരിച്ചതും ഫണ്ടു കൈപ്പറ്റുന്നതുമായ എല്ലാ മദ്രസകളെക്കുറിച്ചും അന്വേഷണം നടത്താന്‍ ബാലാവകാശ കമ്മീഷന്‍ നേരത്തെ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

 

Latest News