സാമുഹിക മാധ്യമങ്ങളില്‍ നിന്നും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് കേന്ദ്ര സര്‍ക്കാര്‍ സമൂഹമാധ്യമങ്ങള്‍ക്ക് അയച്ചത്. എക്സ്, യൂട്യൂബ്, ടെലിഗ്രാം എന്നീ സമൂഹമാധ്യമങ്ങള്‍ക്കാണ് നോട്ടീസ്.
കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിനൊപ്പം ഭാവിയില്‍ പ്രത്യക്ഷപ്പെടുന്നത് തടയാനും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നോട്ടീസില്‍ പറയുന്നു. പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നത് 2021ലെ ഐടി നിയമങ്ങളുടെ റൂള്‍ 3(1)(ബി), റൂള്‍ 4(4) എന്നിവയുടെ ലംഘനമായി കണക്കാക്കും. നോട്ടീസുകള്‍ പാലിക്കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ ഐടി നിയമത്തിലെ വകുപ്പ് 79 പ്രകാരം നിലവില്‍ ഇന്റര്‍നെറ്റ് ഇടനില പ്ലാറ്റുഫോമുകള്‍ക്ക് ലഭിച്ചു വരുന്ന പരിരക്ഷ (സേഫ് ഹാര്‍ബര്‍ പ്രൊട്ടക്ഷന്‍) മാറ്റുമെന്നും മന്ത്രാലയം മൂന്ന് സോഷ്യല്‍ മീഡിയ ഇടനിലക്കാര്‍ക്കും മുന്നറിയിപ്പ് നല്കി.