ആലപ്പുഴയില്‍ വച്ചു നടന്ന പോപ്പുലര്‍ ഫ്രണ്ട് പരിപാടിയില്‍ മുതിര്‍ന്നവരുടെ തോളിലേറി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശിയാണ് കുട്ടി. ഈ കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനായി പോലീസ് സ്ഥലത്തെത്തി.
റാലിയില്‍ ഈ കുട്ടി വിളിച്ച് കൊടുത്ത മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. ഈ കുട്ടിയെ മുന്‍പും പോപ്പുലര്‍ ഫ്രണ്ട് സമരങ്ങളില്‍ പങ്കെടുപ്പിച്ച് മുദ്രാവാക്യം വിളിപ്പിച്ചിരുന്നതായും കണ്ടെത്തി. കുട്ടിയുടെ രക്ഷിതാക്കളെ പ്രതിചേര്‍ക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചുവെന്നാണ് വിവരം.
കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നജീബിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്‌തെങ്കിലും കുട്ടി ആരെന്ന് വെളിപ്പെടുത്താന്‍ തയാറായിരുന്നില്ല. പ്രകടനത്തിനിടെ കൗതുകം തോന്നിയത് കൊണ്ടാണ് താന്‍ കുട്ടിയെ തോളിലേറ്റിയതെന്നാണ് അന്‍സാര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനത്തെയും ചോദ്യം ചെയ്‌തെങ്കിലും കുട്ടിയെ പറ്റിയുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നില്ല.
ശനിയാഴ്ച നടന്ന റാലിയിലാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനത്തിന് കുട്ടിയെ കൊണ്ടു വന്നവര്‍ക്കും സംഘാടകര്‍ക്കും എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിപാടിയുടെ സംഘടനാ ചുമതലയുണ്ടായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ നവാസിനെ അറസ്റ്റ് ചെയ്തത്.