ആഫ്രിക്കൻ വംശജനായ കൗമാരക്കാരന്റെ കൊലപാതകത്തെ തുടര്‍ന്ന് ഫ്രാൻസിൽ നടക്കുന്ന കലാപങ്ങളിൽ പ്രതികരിച്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍. രാജ്യത്തെ ക്രമസമാധാനനില തകര്‍ത്ത കലാപത്തിനു കാരണം വീഡിയോ ഗെയിമുകളാണെന്നും കുട്ടികളുടെ അനാവശ്യ തെരുവുസന്ദര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും മാക്രോൺ പറഞ്ഞു. അക്രമങ്ങളെക്കുറിച്ച് വിലയിരുത്താൻ നടത്തിയ അവലോകന യോഗത്തിലാണ് മക്രോണിന്റെ പ്രതികരണം.
കലാപത്തിൽ അറസ്റ്റിലായവരിൽ പലരും യുവാക്കളാണെന്നു പറഞ്ഞ ഫ്രഞ്ച് പ്രസിഡന്റ്, കുട്ടികളിൽ പലരും വീഡിയോ ഗെയിമിന്റെ ലഹരിയിലാണെന്നും, തെരുവിലേക്കിറങ്ങുന്നതിൽ നിന്ന് കുട്ടികളെ മാതാപിതാക്കൾ വിലക്കണമെന്നും ആവശ്യപ്പെട്ടു. കലാപത്തില്‍ ഇതുവരെ അറസ്റ്റിലായവരിൽ പലരും 14-ഉം 15-ഉം വയസുള്ളവരാണ്. “സ്‌നാപ്ചാറ്റ്, ടിക് ടോക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഓൺലൈൻ വഴിയാണ് കലാപങ്ങൾ സംഘടിപ്പിക്കുന്നത്. കലാപവുമായി ബന്ധപ്പെട്ട ‘സെൻസിറ്റീവ് കണ്ടന്റുകൾ’ നീക്കം ചെയ്യാൻ അവരോട് അഭ്യർത്ഥിക്കണം” – മാക്രോൺ പറഞ്ഞു. അതിനിടെ, കലാപം സൃഷ്ടിക്കാൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരെ കണ്ടെത്തി അവർക്കെതിരെ നടപടി സ്വീകരിക്കാന്‍ ഫ്രഞ്ച് ഭരണകൂടം കമ്പനികളോട് ആവശ്യപ്പെട്ടു.
അക്രമം നിയന്ത്രിക്കാൻ 40,000 സുരക്ഷാസേനയെ വിന്യസിക്കുകയും 875 പേരെ ഒറ്റരാത്രി കൊണ്ട് അറസ്റ്റ് ചെയ്യുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കലാപം നിയന്ത്രിക്കാൻ കൂടുതൽ പോലീസിനെ വിന്യസിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി.