Thursday, March 6, 2025

സുഡാനിൽ കുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു: യുനിസെഫ്

സുഡാനിൽ നടക്കുന്ന ആഭ്യന്തരയുദ്ധത്തിൽ സായുധസേന കുട്ടികളെയും ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി യുനിസെഫ്. 2024 ന്റെ തുടക്കം മുതലുള്ള കണക്കുകൾ പ്രകാരം 221 ബലാത്സംഗ കേസുകളാണ് ഉള്ളത്; ഇതിൽ കുട്ടികൾക്കെതിരായ അതിക്രമ കേസുകൾ 77 എണ്ണമാണ്. ബലാത്സംഗ കേസുകളിൽ അതിജീവിച്ചവരിൽ ഒരു വയസ്സുള്ളവരുമുണ്ട്.

കണക്കുകൾ പ്രകാരം, ലൈംഗികാതിക്രമങ്ങളെ അതിജീവിച്ചവരിൽ ഒരു വയസ്സുള്ള നാലു കുട്ടികളും അഞ്ചു വയസ്സിനുതാഴെ പ്രായമുള്ള 12 പേരുമുണ്ട്. 66% പെൺകുട്ടികളും 33% ആൺകുട്ടികളും അതിക്രമത്തിന് ഇരയായിട്ടുണ്ട്. 2024 ഡിസംബർ മുതൽ 2025 ജനുവരി വരെയുള്ള കണക്കുപ്രകാരം, പല സന്ദർഭങ്ങളിലും കുട്ടികൾ ചൂഷണത്തിന് ഇരയാകേണ്ടിവന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്; ഇതിൽ തടവിലാക്കപ്പെട്ട കുട്ടികളും ഉൾപ്പെടുന്നു.

രണ്ടുവർഷത്തോളമായി സുഡാൻ യുദ്ധത്തിന്റെ പിടിയിലാണ്. ഈ കാലയളവിൽ 28,700 ലധികം ആളുകൾ കൊല്ലപ്പെടുകയും 11 ദശലക്ഷത്തിലധികം ആളുകൾ വീടുവിട്ട് പോകാൻ നിർബന്ധിതരാകുകയും ചെയ്തിട്ടുണ്ട്. വീടുകളിലേക്ക് അതിക്രമിച്ചെത്തുന്ന ആയുധധാരികൾ, കുടുംബാംഗങ്ങളെ തോക്കിൻമുനയിൽ നിർത്തിയശേഷം അവർക്കു മുന്നിൽവച്ച് കുട്ടികളെ ബലാത്സംഗം ചെയ്യുന്ന സംഭവങ്ങൾവരെ ഇവിടെ നടക്കുന്നതായി യുനിസെഫ് റിപ്പോർട്ട് ചെയ്യുന്നു.

ബലാത്സംഗത്തെ അതിജീവിച്ച് ജീവിതത്തിലേക്കു തിരിച്ചെത്തിയ യുവതി, താൻ തടവിലാക്കപ്പെട്ട 19 ദിവസവും രാത്രികളിൽ ബലാത്സംഗം ചെയ്യപ്പെടുന്ന ചെറിയ കുട്ടികളുടെ കരച്ചിൽ കേട്ടിരുന്നതായി യുനിസെഫിനോടു പറഞ്ഞു. മുറിയിലേക്ക് ചാട്ടവാറുമായി വരുന്ന അക്രമി, കൂട്ടത്തിൽ ചെറിയ പെൺകുട്ടികളെ തിരഞ്ഞെടുത്ത് മുറിയിലേക്കു കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്നതായി പറയുന്നു. പിറ്റേദിവസം രാവിലെ ആ കുട്ടികളെ ബോധരഹിതരായാണ് കാണപ്പെട്ടിരുന്നതെന്നും അവർ ഓർക്കുന്നു.

കുട്ടികളിൽപോലും ഭീതിയുളവാക്കുന്ന ഈ സംഭവങ്ങളിൽ ഉടൻ നടപടിയുണ്ടാകണമെന്ന് യുനിസെഫിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പറയുന്നു. ഈ സംഭവങ്ങളൊന്നും സുഡാനിലെ ഒരു പ്രദേശത്തുമാത്രം നടക്കുന്നതല്ലെന്നും രാജ്യത്ത് പലയിടത്തും കുട്ടികൾ ബലാത്സംഗം ചെയ്യപ്പെടുന്നുണ്ടെന്നും അവർ ഓർമ്മിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News