79 കാരനായ പീറ്റർ റെയ്നോൾഡ്സിനെയും 75 കാരിയായ ഭാര്യ ബാർബിയെയും ആറാഴ്ചകൾക്കു മുൻപാണ് താലിബാൻ പിടികൂടുന്നത്. കഴിഞ്ഞ മാസം അവരുടെ കൈവശം വ്യാജ അഫ്ഗാൻ പാസ്‌പോർട്ടുകൾ ഉണ്ടായിരുന്നു എന്ന തെറ്റിധാരണയുടെ പുറത്താണ് താലിബാൻ ഇവരെ അറസ്റ്റ് ചെയ്യുന്നത്. 1970 ൽ കാബൂളിൽവച്ചു വിവാഹിതരായ ദമ്പതികൾ 18 വർഷമായി അഫ്ഗാനിസ്ഥാനിൽ സ്കൂൾ പരിശീലന പരിപാടികൾ നടത്തിവരികയായിരുന്നു. ഫെബ്രുവരി ഒന്നിന് അമേരിക്കൻ സുഹൃത്ത് ഫെയ് ഹാൾ, ദമ്പതികളുടെ റീബിൽഡ് പരിശീലന ബിസിനസിലെ ഒരു വിവർത്തകൻ എന്നിവർക്കൊപ്പം അറസ്റ്റിലായിരുന്നു.
താലിബാൻ ഉദ്യോഗസ്ഥനായ അബ്ദുൾ മതീൻ ഖാനി കഴിഞ്ഞ മാസം പറഞ്ഞത്, പല കാര്യങ്ങളും പരിഗണിക്കുന്നുണ്ടെന്നും എത്രയുംവേഗം അവരെ മോചിപ്പിക്കാൻ തങ്ങൾ ശ്രമിക്കുമെന്നും ആയിരുന്നു. എന്നാൽ ജയിലിൽ പിതാവിന്റെ ആരോഗ്യം മോശമായി തുടരുകയാണെന്ന് മകൾ പറയുന്നു. പിതാവിന് വൈദ്യസഹായം ലഭ്യമാക്കുന്നത് നിഷേധിക്കരുതെന്നും വിട്ടയയ്ക്കണമെന്നും താലിബാനോട് ഇദ്ദേഹത്തിന്റെ നാലുമക്കളും അപേക്ഷിച്ചു. റെയ്നോൾഡ്സിന് നെഞ്ചിലും രണ്ടു കണ്ണുകളിലും അണുബാധ, ഗുരുതരമായ ദഹനപ്രശ്നങ്ങൾ എന്നിവ അനുഭവപ്പെടുന്നുണ്ടെന്നും മക്കൾ പറയുന്നു. “ഞങ്ങളുടെ മാതാപിതാക്കളുടെ തടങ്കൽ ക്രൂരവും അന്യായവുമാണ്” എന്നാണ് മക്കൾ പറയുന്നത്.”
ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള കാരണം ഇതുവരെ വ്യക്തമല്ല. 2021 ൽ താലിബാൻ ഭരണം ഏറ്റെടുത്തതിനുശേഷവും അഫ്ഗാനിസ്ഥാനിൽ തന്നെ മികച്ച പ്രവർത്തനങ്ങളായിരുന്നു ഈ ദമ്പതികൾ കാഴ്ചവച്ചത്. സ്കൂളുകൾ, ലാഭേച്ഛയില്ലാത്ത സംഘടനകൾ, ബിസിനസുകൾ എന്നിവയിൽ പരിശീലനം നൽകുന്ന റീബിൽഡ് എന്ന ഏജൻസി ഇവർ സ്ഥാപിച്ചു. എല്ലാ പെൺകുട്ടികളുടെയും വിദ്യാഭ്യാസം താലിബാൻ നിരോധിക്കുകയും സ്ത്രീകൾ ജോലിചെയ്യുന്നതിൽ നിന്ന് തടയുകയും ചെയ്തതോടെ സ്ത്രീകൾക്കുവേണ്ടി ഒരു കോഴ്സ് ഇവർ നടത്തിയിരുന്നു, ഈ കോഴ്‌സിന്റെ പേരിലായിരിക്കാം റെയ്നോൾഡ്‌സിനെ കസ്റ്റഡിയിലെടുത്തതെന്ന് സൂചനയുണ്ട്.