സിംബാബ്‌വെയിലെ തലസ്ഥാനമായ ഹരാരെയിലെയും പരിസരപ്രദേശങ്ങളിലെയും മാലിന്യനിക്ഷേപകേന്ദ്രങ്ങൾ ഇന്ന് നൂറുകണക്കിന് കുട്ടികളുടെ തൊഴിലിടങ്ങളാണ്. വെൽഡിങ് ജോലിക്കാർ കടകൾ അടയ്ക്കാൻ തുടങ്ങുമ്പോഴാണ് ഇവിടെയുള്ള കുട്ടികൾ അവരുടെ അന്നത്തിനായുള്ള ‘അന്വേഷണം’ ആരംഭിക്കുന്നത്. മറ്റുള്ളവർക്ക് വേസ്റ്റ് എന്ന് തോന്നുന്ന ലോഹക്കഷണങ്ങൾ അവർക്ക് കുടുംബം മുന്നോട്ട് കൊണ്ടുപോകേണ്ട ഏകമാർഗമാണ്; അന്നത്തിനുള്ള വഴിയാണ്. കടുത്ത ദാരിദ്ര്യം മൂലം കുടുംബം പോറ്റാൻ ഇവർ നിർബന്ധിതരാകുമ്പോൾ ഈ കുരുന്നുകളിൽ പലർക്കും ഇല്ലാതാകുന്നത് സ്കൂൾ വിദ്യാഭ്യാസമാണ്, ഒപ്പം ആരോഗ്യവും. ചെറുപ്രായത്തിൽത്തന്നെ മാരകമായ രോഗസാധ്യതകളുള്ള ജോലികൾ ചെയ്യേണ്ടിവരുന്ന സിംബാബ്‌വെയിലെ കുരുന്നുകളുടെ ഞെട്ടിക്കുന്ന അവസ്ഥയിലേക്കൊരു നേർക്കാഴ്ച…
കുരുന്നുപ്രായത്തിൽ ഒരു പോരാട്ടം
“ഞങ്ങൾ ഇവിടെ സുരക്ഷിതരാണ്. പക്ഷേ, ഞങ്ങളെ ഓടിക്കാൻ വരുന്ന നായ്ക്കളെ മാത്രമാണ് ഞങ്ങൾക്ക് പേടി. ആരും ഞങ്ങൾ മോഷ്ടിക്കുകയാണെന്ന് സംശയിക്കാറില്ല. ചിലപ്പോൾ അവർക്ക് ആവശ്യമില്ലാത്ത സാധനങ്ങൾ ഉള്ളപ്പോൾ അത് എടുക്കാൻ അവർ ഞങ്ങളെ അനുവദിക്കാറുമുണ്ട്” – ഈ പറയുന്നത് എട്ട് വയസ്സുകാരനായ തകുദ്‌സ്‌വ റാപി ആണ്. തുരുമ്പിച്ച ഇരുമ്പ് കഷണങ്ങളിൽ നിന്നുള്ള മുറിവുകളോ, ശ്വസിക്കുന്ന വിഷവാതകമോ അല്ല, മറിച്ച് കാവൽനായകളെയാണ് കുട്ടികളെ ഭയപ്പെടുത്തുന്നത്. തന്റെ പ്രായത്തിലുള്ള കുട്ടികൾ നേരിടുന്ന യഥാർഥ ആരോഗ്യഭീഷണികളെക്കുറിച്ചും അവൻ ബോധവാനല്ല.
ഓരോ അധ്വാനത്തിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് വീട്ടിലേക്ക് ഭക്ഷണം വാങ്ങുന്നതും ഇവർ തന്നെയാണ്. അവർ കൊണ്ടുവരുന്ന ഭക്ഷണത്തിനായി കാത്തിരിക്കുന്ന അമ്മയെയും സഹോരങ്ങളെയും പറ്റി തകുദ്‌സ്‌വ പറയുന്നു. ഇത്തരത്തിൽ സമ്പാദിക്കുന്നവർക്കിടയിൽ സ്കൂളിൽ പോകുന്ന കുട്ടികളുമുണ്ട്.
ബാലവേല നിരോധിച്ച രാജ്യത്ത് അധ്വാനിക്കുന്ന കുരുന്നുകൾ
എംബാരെയിലെ വ്യാപാരികളും ഡീലർമാരും ഗുണനിലവാരമനുസരിച്ച് ആൺകുട്ടികളിൽ നിന്ന് സ്ക്രാപ്പ് മെറ്റൽ കിലോഗ്രാമിന് ഏകദേശം എട്ട് മുതൽ 16 വരെ (ഇന്ത്യൻ രൂപ) ആണ് വിലയ്ക്ക് വാങ്ങുന്നത്. മുതിർന്നവരെ അപേക്ഷിച്ച് വലിയ തുകയ്ക്കായി വിലപേശാനറിയാത്ത ഈ കുരുന്നുകൾക്ക് കുറഞ്ഞ വേതനം മാത്രമേ നൽകുന്നുള്ളൂവെന്നത് മറ്റൊരു സത്യമാണ്. ഒരു ഡോളർ തികച്ച് കിട്ടണമെങ്കിൽപോലും ഈ ചെറിയ കുട്ടികൾ അഞ്ച് മുതൽ പത്ത് കിലോ വരെ ഭാരമുള്ള ലോഹങ്ങൾ ശേഖരിക്കേണ്ടിവരുന്നു. 16 വയസ്സിൽ താഴെയുള്ള കുട്ടികളെ ജോലിക്കെടുക്കുന്നത് നിരോധിക്കുന്ന രാജ്യത്തെ ബാലവേല നിയമങ്ങൾ ഉണ്ടായിരുന്നിട്ടും ഇത് സാധ്യമാണ് എന്നത് ഞെട്ടലുളവാക്കുന്ന കാര്യമാണ്.
അധ്വാനം മത്സരമാകുമ്പോൾ
അധ്വാനിച്ച് കുടുംബം പുലർത്താൻ തുനിഞ്ഞിറങ്ങിയ ഈ കുരുന്നുകൾ കൂടുതൽ പണത്തിനായി ഏത് ചവറ്റുകൂനയിലും കൈയിടാൻ മടിക്കുന്നില്ല. “പിച്ചളയ്ക്കും ചെമ്പിനും കൂടുതൽ പണം ലഭിക്കും. പക്ഷേ, അവ കണ്ടുകിട്ടാൻ പ്രയാസമാണ്. ആളുകൾ അധികം വരാത്ത ചപ്പുചവറുകൾക്കിടയിലൊക്കെ ഞങ്ങൾ തിരച്ചിൽ നടത്താറുണ്ട്. ഭാഗ്യമുള്ള ദിവസമാണെങ്കിൽ, ഒരു ചെറിയ കഷണം ചെമ്പ് കിട്ടിയാൽപ്പോലും ഒരു ഡോളറോ, അതിലധികമോ ലഭിക്കും. അത് വലിയൊരു തുകയാണ്. അതുകൊണ്ട് വീട്ടിലേക്കും സ്കൂളിലേക്കും ആവശ്യമുള്ളതെന്തും വാങ്ങാൻ ഞങ്ങൾക്ക് കഴിയും” – ക്വിന്റൺ എന്ന ബാലൻ പറയുന്നു. ഇതെല്ലാം മാതാപിതാക്കൾക്ക് കൂടുതൽ സഹായമാകും എന്ന ഒറ്റ ചിന്തയാണ് ഈ കുഞ്ഞുങ്ങൾക്കുള്ളത്.
കാത്തിരക്കുന്ന അപകടങ്ങൾ
മാലിന്യസംസ്‌കരണകേന്ദ്രത്തിൽ ജോലിചെയ്യുന്ന 33 വയസ്സുകാരനായ വെയ്ൻ മ്പാല, താൻ ഏഴ് വയസ്സ് മുതൽ ഇതേ ജോലിചെയ്യുന്ന വ്യക്തിയാണെന്നും എന്നാൽ ഇതിലൂടെയുള്ള ആരോഗ്യ-സുരക്ഷാഭീഷണികളെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നു. 25 വർഷം മുമ്പ്, അദ്ദേഹത്തിന് ഏഴ് വയസ്സുള്ളപ്പോൾ നടന്ന ഒരു അപകടം അദ്ദേഹം ഓർത്തെടുക്കുന്നു. അന്ന് ധരിച്ചിരുന്ന പ്ലാസ്റ്റിക് ചെരിപ്പ് തുളച്ച് ഒരു കൂർത്ത ആണി അദ്ദേഹത്തിന്റെ കുതികാൽ പാദത്തിൽ തറച്ചുകയറി. ഭാഗ്യം കൊണ്ടു മാത്രമാണ് അന്ന് ടെറ്റനസ് ബാധിക്കാതിരുന്നതെന്ന് വെയ്ൻ പറയുന്നു. ഇന്നത്തെ കുട്ടികളും സമാനമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കേവലം പ്ലാസ്റ്റിക് ചെരിപ്പുകൾ മാത്രം ധരിച്ച് മാരകമായ മാലിന്യങ്ങൾക്കിടയിൽ ജോലിചെയ്യുന്നത് അത്യന്തം അപകടകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സിംബാബ്‌വെയിലെ തലസ്ഥാനമായ ഹരാരെയിലെയും പരിസരപ്രദേശങ്ങളിലുമായി അഞ്ച് മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളിൽ 14% പേരും നിലവിൽ ഇത്തരത്തിൽ ജോലിചെയ്യുന്നവരാണ്. അതായത്, ലക്ഷക്കണക്കിന് കുട്ടികളാണ് സ്കൂളിൽ പോകേണ്ട പ്രായത്തിൽ കഠിനാധ്വാനം ചെയ്യുന്നത് എന്നർഥം. കുടുംബം മുന്നോട്ട് കൊണ്ടുപോകാനും മാതാപിതാക്കൾക്ക് സഹായമാകാനും ഇവർ ഈ പ്രായത്തിൽ അപകടങ്ങളെ അവഗണിച്ച് ‘അന്നം തേടുമ്പോൾ’ ഇവർക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത് ഇവരുടെ ജീവിതം തന്നെയാണെന്ന് പാവം ഈ കുരുന്നുകൾ അറിയുന്നില്ല.

