Monday, November 25, 2024

ജനസംഖ്യാ നിയന്ത്രണങ്ങള്‍ക്ക് അയവ്; കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നവര്‍ക്ക് ആനുകൂല്യങ്ങളുമായി ചൈന

ജനസംഖ്യാ നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്തി ചൈന. രാജ്യത്തെ ജനസംഖ്യകൂട്ടുവാനാണ് ചൈന ഇപ്പോള്‍ ശ്രമിക്കുന്നത്. ജനസംഖ്യാനിയന്ത്രണം ഇല്ലാതാക്കുകയും ചെയ്തു. പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ജനസംഖ്യാ വര്‍ദ്ധനവിലൂടെ കൂടുതല്‍ തൊഴില്‍ ശേഷി നേടുകയാണ് ലക്ഷ്യം. കടുത്ത ജനസംഖ്യാ നിയന്ത്രണത്തേ തുടര്‍ന്ന് രാജ്യത്തെ ജനസംഖ്യ കുറയുമെന്ന ഘട്ടം വന്നു.

രാജ്യത്തെ ജനസംഖ്യ തടയാന്‍ ‘ഒറ്റ കുട്ടി നയ’വും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും വന്ധീകരണവും മറ്റും നടപ്പാക്കിയിരുന്നു. ഇതിനേ തുടര്‍ന്ന് ചൈനയുടെ മാനവ വിഭവശേഷിയില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ഒരു സ്ത്രീ ഒന്നില്‍ കൂടുതല്‍ അല്ലെങ്കില്‍ മൂന്ന് കുട്ടികളെയെങ്കിലും പ്രസവിക്കണമെന്നാണ് ചൈനീസ് ഭരണകൂടം ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

വിവാഹിതരായ ദമ്പതികള്‍ക്ക് മാത്രമാവും പുതിയ നടപടി പ്രകാരം കുഞ്ഞുണ്ടാവുന്നതിന് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുകയൊള്ളൂ. അവിവാഹിതരായ ദമ്പതികളോട് കാണിക്കുന്ന കടുത്ത വിവേചനമാണിതെന്ന് ഒരു വിഭാഗം വിമര്‍ശിക്കുന്നുണ്ട്. അവിവാഹിതരായ ദമ്പതികള്‍ക്കുണ്ടാവുന്ന കുട്ടികള്‍ ചൈനയില്‍ കടുത്ത വിവേചനം നേരിടുന്നതായി പല റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്.

ചൈനയില്‍ സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതല്‍ വിദ്യാഭ്യാസം ഉള്ളവരും സാമ്പത്തികമായി മെച്ചപ്പെട്ട് നില്‍ക്കുന്നവരുമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുകൊണ്ട് തന്നെ പല സ്ത്രീകളും വിവാഹവും കുടുംബവും കുട്ടികളും ഒരു ബാധ്യതയായിട്ടാണ് കണക്കാക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളെ അനുവദിക്കുന്ന തരത്തില്‍ കുടുംബാസൂത്രണം ചൈന പുതുക്കിയത്. നടപടികള്‍ പലത് ഉണ്ടാവുന്നുണ്ടെങ്കിലും ഉയരുന്ന നാണ്യപ്പെരുപ്പവും ജീവിത ചെലവുകളും മൂലം കൂടുതല്‍ കുട്ടികളെ വളര്‍ത്തുന്നതിനോട് ജനങ്ങള്‍ പൊതുവേ അഭിമുഖ്യം കാട്ടുന്നില്ല.

 

Latest News