അഫ്ഗാനിസ്ഥാനില്‍ പുതിയ അംബാസഡറെ നിയമിച്ചതായി ചൈന ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തെ ഭരണം താലിബാന്‍ ഏറ്റെടുത്തതിന് ശേഷം പുതിയ അംബാസഡറെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമാണ് ചൈന. പുതിയ അംബാസഡര്‍ ഷാവോ സിങ്ങാണെന്നും അഫ്ഗാനുമായി സഹകരണം തുടരാന്‍ ആഗ്രഹിക്കുന്നതായും ചൈനയുടെ വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്.
‘അഫ്ഗാനിസ്ഥാനിലെ ചൈനയുടെ അംബാസഡറുടേത് സാധാരണ നിയമനമാണ്. ചൈനയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഭാഷണവും സഹകരണവും തുടരാനാണ് ഉദ്ദേശിക്കുന്നത്. അഫ്ഗാനിസ്ഥാനോടുള്ള ചൈനയുടെ നയം വ്യക്തവും സ്ഥിരതയുള്ളതുമാണ്’, ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഈ നിയമനം താലിബാനെ ഔപചാരികമായി അംഗീകരിക്കുമെന്ന സൂചനയാണോ എന്ന് ബെയ്ജിംഗ് വ്യക്തമാക്കിയിട്ടില്ല. 2019 ല്‍ ചുമതലയേറ്റ ചൈനയുടെ മുന്‍ അംബാസഡര്‍ വാങ് യു കഴിഞ്ഞ മാസം തന്റെ കാലാവധി പൂര്‍ത്തിയാക്കിയിരുന്നു. ഈ ഒഴിവിലേക്കാണ് പുതിയ നിയമനം.
ഒരു ചടങ്ങില്‍ പുതിയ പ്രതിനിധിയുടെ യോഗ്യതാപത്രങ്ങള്‍ പ്രധാനമന്ത്രി മുഹമ്മദ് ഹസന്‍ അഖുന്ദ് സ്വീകരിച്ചതായി താലിബാന്‍ ഭരണകൂട ഡെപ്യൂട്ടി വക്താവ് ബിലാല്‍ കരിമി പ്രസ്താവനയില്‍ പറഞ്ഞു. ബുധനാഴ്ച അഫ്ഗാനിസ്ഥാന്റെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങിന്റെ ഫോട്ടോകളും പുറത്തുവിട്ടിട്ടുണ്ട്. അംബാസഡറെ അഖുന്ദും ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖിയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.