യു.എസും ചൈനയും തമ്മിലുള്ള വ്യാപാരതർക്കം മുറുകുന്നതിനിടെ ആപ്പിളിന്റെ ഓഹരികൾ 2.9% ഇടിഞ്ഞതായി റിപ്പോര്‍ട്ട്. സർക്കാർ ജീവനക്കാരുടെ ഐ ഫോൺ ഉപയോഗം ചൈന വിലക്കിയതിനുപിന്നാലെയാണ് ഓഹരിയിലെ ഇടിവ്. വ്യാഴാഴ്ച മാത്രം ആപ്പിളിന് വിപണി മൂലധനത്തിൽ ഏകദേശം 200 ബില്യൺ ഡോളർ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്.
ഐ ഫോണുകളോ, മറ്റ് വിദേശ ബ്രാൻഡഡ് ഫോണുകളോ ഉപയോഗിക്കരുതെന്ന് സർക്കാർ ഉദ്യോഗസ്ഥരോട് ചൈന ഉത്തരവിട്ടതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ഉത്തരവ് സർക്കാർ പിന്തുണയുള്ള ഏജൻസികളിലേക്കും കമ്പനികളിലേക്കും വിപുലീകരിക്കുമെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. ഇതിനുപിന്നാലെയാണ് ഓഹരിയില്‍ ഇടിവുണ്ടായത്. ഈ ആഴ്ചയിൽ അഞ്ചുശതമാനമാണ് ആപ്പിളിന്റെ മൂല്യം ഇടിഞ്ഞത്. ഇത് യു.എസ് വ്യാപാരമേഖലയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.
ആപ്പിൾ (എ.എ.പി.എൽ) ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന തകർച്ചയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. രണ്ടുദിവസത്തിനുള്ളിൽ കമ്പനിക്ക് ഏകദേശം 200 ബില്യൺ ഡോളർ നഷ്ടപ്പെട്ടു. വിലക്കുകൾ ആപ്പിളിന് ഒരു അശുഭസൂചനയായിരിക്കും. യു.എസ് സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ആപ്പിൾ ഉല്പന്നങ്ങൾ വിലക്കാൻ ചൈന തീരുമാനിച്ചത്. എന്നാൽ തീരുമാനം ആപ്പിളിന് കനത്ത തിരിച്ചടിയായി. ആപ്പിളിന്റെ പ്രധാന വിപണികളിലൊന്നാണ് ചൈന. സെപ്റ്റംബർ 12 -ന്, ഏറ്റവും പുതിയ മോഡലായ ഐ ഫോൺ 15 പുറത്തിറക്കാനിരിക്കെയാണ് ചൈനയുടെ നിരോധനം പ്രാബല്യത്തിൽവന്നത്.