വിഘടനവാദത്തിനെതിരായ മുന്നറിയിപ്പായി തായ്‌വാനിൽ സൈനികാഭ്യാസങ്ങൾ ആരംഭിച്ച് ചൈന. സംയുക്ത കര,നാവിക, റോക്കറ്റ് ഫോഴ്‌സ് അഭ്യാസങ്ങളാണ് ആരംഭിച്ചത്. മുന്നറിയിപ്പില്ലാതെ ഇന്നു രാവിലെ പ്രചാരണ പരിപാടികളോടെ ആയിരുന്നു അഭ്യാസങ്ങൾ തുടങ്ങിയത്. പി എൽ എ നാവികസേന, കരസേന, റോക്കറ്റ് ഫോഴ്‌സ് എന്നിവയുടെ സേനകൾ ഒന്നിലധികം ദിശകളിൽനിന്ന് തായ്‌വാനെ സമീപിക്കുന്നുണ്ട്. മേഖലയിലെ സൈനികപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ചൈനയുടെ ഈസ്റ്റേൺ തിയേറ്റർ കമാൻഡ് അവരുടെ ഔദ്യോഗിക വീചാറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്.
“ചൈന അവരുടെ തത്വത്തിന് അനുസൃതമായി ദ്വീപിന്മേൽ നിയമാനുസൃതമായ അധികാരപരിധിയും നിയന്ത്രണവും പ്രയോഗിക്കുന്നതിനുള്ള നടപടികളാണ് ഈ അഭ്യാസങ്ങൾ” എന്ന് ചൈന കോസ്റ്റ് ഗാർഡ് വക്താവ് ഷു അൻക്വിംഗ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ തായ്‌വാനുചുറ്റും 19 പി എൽ എ കപ്പലുകൾ കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു; അതിൽ ചൈനീസ് വിമാനവാഹിനിക്കപ്പലായ ഷാൻഡോംഗും ഉൾപ്പെടുന്നുണ്ട്. തീരത്തുനിന്ന് 24 നോട്ടിക്കൽ മൈൽ (44 കിലോമീറ്റർ) അകലെയുള്ള തായ്‌വാന്റെ സമീപമേഖലയ്ക്കടുത്ത് പത്തിലധികം കപ്പലുകൾ എത്തിയതായി സൈനിക ഉദ്യോഗസ്ഥർ മാധ്യമങ്ങളോടു പറഞ്ഞു. ഇതിന്റെ പ്രതികരണമായി തായ്‌വാൻ സൈന്യം വിമാനങ്ങൾ, നാവിക കപ്പലുകൾ, തീരദേശ മിസൈൽ സംവിധാനങ്ങൾ എന്നിവ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.