Monday, November 25, 2024

അടിച്ചമർത്തലിന്റെ പ്രതീകമായി ശൂന്യമായ പേപ്പർ; ചൈനയിൽ നിന്നും ഒരു അപൂർവ പ്രതീകം

പലപ്പോഴും പ്രതിഷേധ പ്രകടനങ്ങൾക്ക് ഒരു പ്രതീകം ഉണ്ടാകാറുണ്ട്. തങ്ങൾ അനുഭവിക്കുന്ന അവഗണനയുടെയും വേദനയുടെയും കഥ സൂചിപ്പിക്കുന്ന ഒരു പ്രതീകം. ചൈനയിൽ ഒരു ജനത അനുഭവിക്കുന്ന യാതനകളുടെ പ്രതീകമായി മാറിയിരിക്കുകയാണ് ശൂന്യമായ വെള്ളക്കടലാസ്. അധികാരവർഗ്ഗത്തിൽ സ്വേച്ഛാധിപത്യ ഭരണത്തിൽ കീഴിൽ നിശബ്ദമാക്കപ്പെട്ട ഒരു ജനത. അവർക്കു വാക്കുകളില്ല. അവർക്കായി ശബ്‌ദിക്കുവാൻ ആളുകളുമില്ല. എങ്ങും ഭീതിയുടെയും അടിച്ചമർത്തലിന്റെയും വ്യാപകമായ നിശബ്ദത മാത്രം. ആ നിശബ്ദതയെ സൂചിപ്പിക്കാൻ ഏറ്റവും ഉചിതമായ പ്രതീകം ഈ ശൂന്യമായ വെള്ളപ്പേപ്പർ തന്നെ.

ഞായറാഴ്ച വൈകുന്നേരം ഷാങ്ഹായിൽ സന്ധ്യ മയങ്ങിയപ്പോൾ, പ്രകടനങ്ങൾക്ക് കാരണമായ അഗ്നിബാധയുടെ ഇരകളെ അനുസ്മരിക്കാൻ ഒത്തുകൂടിയവരിൽ ഒക്കെയും ഒരു ശൂന്യമായ പേപ്പർ ഉണ്ടായിരുന്നു. അതുപോലെ, തലസ്ഥാനമായ ബെയ്ജിംഗിലെ പ്രശസ്തമായ സിൻ‌ഹുവ സർവകലാശാലയിൽ നടന്ന പ്രകടനത്തിലും വിദ്യാർഥികളടക്കം ഉള്ള ആളുകൾ എത്തിയത് വെള്ളപേപ്പറുമായിട്ടാണ്.

കൂടാതെ വുഷെനിലെ തെരുവുകളിലൂടെ കയ്യിൽ ചങ്ങലയും ശൂന്യമായ പേപ്പറും വായിൽ ടേപ്പും ഒട്ടിച്ചു നടക്കുന്ന യുവതിയുടെ ചിത്രം ലോകമൊട്ടാകെ ശ്രദ്ധേയമായിരുന്നു. എന്നാൽ ഈ ശൂന്യമായ പേപ്പർ പ്രതിഷേധം ആരംഭിച്ചിട്ട് നാളുകളായി. 2020 ൽ ഹോങ്കോംഗ് നഗരത്തിൽ പുതിയ ദേശീയ സുരക്ഷാ നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ പ്രദേശവാസികൾ വെള്ളപേപ്പർ ഉപയോഗിച്ചിരുന്നു.

“ഞങ്ങൾ പറയാൻ ആഗ്രഹിക്കുന്നതും എന്നാൽ പറയാൻ കഴിയാത്തതുമായ എല്ലാറ്റിനെയും പ്രതിനിധീകരിക്കാനാണ് ഈ ശൂന്യമായ പേപ്പർ” എന്ന് ബീജിംഗിലെ പ്രകടനക്കാരനായ 26 കാരനായ ജോണി റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് വെളിപ്പെടുത്തി. വെള്ളപേപ്പർ പ്രതിഷേധ സൂചകമായി ചൈനയിൽ ഉടനീളം ഉപയോഗിച്ച് തുടങ്ങിയതോടെ ഗൂഗിളിന്റെ സെർച്ച് ലിസ്റ്റിൽ നിന്നും ‘ബ്ലാങ്ക് ഷീറ്റ് ഓഫ് പേപ്പറും’ ‘വൈറ്റ് പേപ്പറും’ ഒഴിവാക്കുവാൻ തുടങ്ങി. കൂടാതെ ദേശീയ സുരക്ഷാ കാരണങ്ങളാൽ എല്ലാ A4 പേപ്പറുകളും കടകളിൽ നിന്ന് എടുത്തുമാറ്റുവാൻ വ്യാപാരികളും നിർബന്ധിതരായി.

ബ്ലാങ്ക് പേപ്പർ പ്രൊട്ടസ്റ്റ് എന്ന പേരിൽ ചൈനയിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തിപ്പെടുകയാണ്. ഇതിനെതിരെ സർക്കാർ തലത്തിൽ അടിച്ചമർത്തലുകൾ നടക്കുന്നുണ്ടെങ്കിലും നിശബ്ദമാക്കപ്പെട്ട ജനത്തിന്റെ അവകാശങ്ങളുടെ പ്രതീകമായി മാറുകയാണ്.

Latest News