Wednesday, May 14, 2025

ഹിമാലയൻ അതിർത്തിയിൽ ഗ്രാമങ്ങൾ നിർമിച്ച് ചൈന

ഭൂട്ടാന്റെ പരമ്പരാഗത അതിർത്തികൾക്കുള്ളിൽ 19 ഗ്രാമങ്ങളും മൂന്ന് ചെറിയ വാസസ്ഥലങ്ങളും ഉൾപ്പെടെ 22 ഗ്രാമങ്ങളും വാസസ്ഥലങ്ങളും ചൈന നിർമിച്ചതായി ഒരു ഗവേഷണ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 2023 ന്റെ തുടക്കം മുതൽ അതിർത്തി കടന്നുള്ള ഈ നിർമാണങ്ങളിൽ ഏഴെണ്ണം ചൈന പൂർത്തിയാക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇത് കൂട്ടിച്ചേർത്ത പ്രദേശങ്ങളിലെ വികസനത്തിൽ ഗണ്യമായ ത്വരിതപ്പെടുത്തലിനെ സൂചിപ്പിക്കുന്നു.

ഭൂട്ടാന്റെ ഭാഗമായി വ്യാപകമായി അംഗീകരിക്കപ്പെട്ട പ്രദേശത്ത് 2016 ൽ ചൈന ഒരു ഗ്രാമം നിർമിക്കാൻ തുടങ്ങി. വിദേശനിരീക്ഷകർക്കും സർക്കാരുകൾക്കും ഇത് കണ്ടെത്താൻ അഞ്ച് വർഷമെടുത്തു. അപ്പോഴേക്കും ചൈന ഭൂട്ടാന്റെ അതിർത്തിക്കുള്ളിൽ രണ്ട് ഗ്രാമങ്ങൾകൂടി നിർമിച്ചിരുന്നു. എല്ലാം വിദൂര ഹിമാലയൻപ്രദേശങ്ങളിൽ, ഇന്ത്യയുടെ അതിർത്തിയോടുചേർന്നും അത് മറികടന്നുമായിരുന്നു നിർമിച്ചിരുന്നത്.

അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ട്, ഹിമാലയത്തിലെ ഭൗമരാഷ്ട്രീയ ഭൂപ്രകൃതിയിലെ ഞെട്ടിക്കുന്ന ഈ സംഭവവികാസത്തെ എടുത്തുകാണിക്കുന്നു. ടിബറ്റൻ വിശകലനശൃംഖലയായ ‘ടർക്കോയ്സ് റൂഫ്’ ന്റെ ഒരു റിപ്പോർട്ടനുസരിച്ച്, ഇപ്പോൾ അത്തരം 22 ഗ്രാമങ്ങളും വാസസ്ഥലങ്ങളുമുണ്ട്. 2,284 കുടുംബങ്ങൾ ഉൾക്കൊള്ളുന്ന 752 റെസിഡൻഷ്യൽ ബ്ലോക്കുകൾ ഇന്ത്യൻ അതിർത്തിയിൽ ചൈന നിർമിച്ചുകഴിഞ്ഞു.

പുതുതായി നിർമിച്ച ഈ ഗ്രാമങ്ങൾ ഉയർന്ന താഴ്വരകളിലും കുത്തനെയുള്ള മലഞ്ചെരിവുകളിലുമാണ് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 3,832 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇവയിൽ പത്ത് ഗ്രാമങ്ങൾ 4,000 മീറ്ററിലധികം ഉയരത്തിൽ സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്ന് 4,670 മീറ്റർ ഉയരത്തിലാണ് ഏറ്റവും ഉയരം കൂടിയ ഗ്രാമമായ മെഞ്ചുമ സ്ഥിതിചെയ്യുന്നത്.

ചൈനയുടെ 14 അയൽരാജ്യങ്ങളിൽ നിർണ്ണയിക്കപ്പെടാത്ത അതിർത്തിയുള്ള രണ്ട് രാജ്യങ്ങളിൽ ഒന്നാണ് ഭൂട്ടാൻ; മറ്റൊന്നാണ് ഇന്ത്യ. ചൈനയുടെ പ്രാദേശിക അഭിലാഷങ്ങൾ ഭൂട്ടാനിൽമാത്രം ഒതുങ്ങുന്നില്ല. 2021 ൽ ഇന്ത്യ അവകാശപ്പെടുന്ന പ്രദേശത്ത് ചൈന ഒരു ഗ്രാമം നിർമിക്കുകയും അതിന് ‘ലുവോബ (ലോബ) ന്യൂ വില്ലേജ്’ എന്ന് പേരിടുകയും ചെയ്തു.

Latest News