Monday, November 25, 2024

നാന്‍സി പെലോസി തായ്വാന്‍ സന്ദര്‍ശിച്ചാല്‍ സൈനിക പ്രകോപനത്തിലൂടെ ചൈന മറുപടി നല്‍കിയേക്കുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ്

നാന്‍സി പെലോസി തായ്വാന്‍ സന്ദര്‍ശിച്ചാല്‍ സൈനിക പ്രകോപനത്തിലൂടെ ചൈന മറുപടി നല്‍കിയേക്കുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കി. തായ്വാന് സമീപം മിസൈല്‍ ആക്രമണങ്ങളോ വലിയ തോതിലുള്ള വ്യോമ, നാവിക പ്രവര്‍ത്തനങ്ങളോ നടത്തിയാവാം ചൈനയുടെ പ്രതികരണമെന്ന് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറായ നാന്‍സി പെലോസി നിലവില്‍ ഏഷ്യന്‍ പര്യടനത്തിലാണ്. സിംഗപ്പൂര്‍, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളാണ് പെലോസി സന്ദര്‍ശിക്കുന്നത്.

സ്വയംഭരണമുള്ള ദ്വീപായ തായ്വാന്‍ ചൈന അവകാശവാദം ഉന്നയിക്കുന്ന ഇടമാണ്. മിസ്സിസ് പെലോസി അവിടം സന്ദര്‍ശിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ബെയ്ജിംഗ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനം ബെയ്ജിംഗും വാഷിംഗ്ടണും തമ്മിലുള്ള ബന്ധത്തെ ദുര്‍ബലപ്പെടുത്തുമെന്ന് തിങ്കളാഴ്ച ചൈനയുടെ ഐക്യരാഷ്ട്ര പ്രതിനിധി ഷാങ് ജുന്‍ മുന്നറിയിപ്പ് നല്‍കിയതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

തായ്വാനുമായി ശക്തവും അനൗദ്യോഗികവുമായ ബന്ധം തങ്ങള്‍ക്കുണ്ട് എന്ന് യുഎസ് പറയുമ്പോഴും അതിന് ചൈനയുമായാണ് ഔപചാരിക നയതന്ത്രബന്ധം ഉള്ളത്. എങ്കിലും അമേരിക്കന്‍ പൊതുജനങ്ങള്‍ക്കിടയിലും യുഎസ് കോണ്‍ഗ്രസിലും തായ്വാന് ശക്തമായ ഉഭയകക്ഷി പിന്തുണയുണ്ട്.

ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ മുതിര്‍ന്ന വ്യക്തിയായ പെലോസി, ചൈനീസ് നേതൃത്വത്തിന്റെ മനുഷ്യാവകാശ രേഖയുടെ ദീര്‍ഘകാല വിമര്‍ശകയാണ്. 1989 ലെ കൂട്ടക്കൊലയുടെ ഇരകളെ അനുസ്മരിക്കാന്‍ അവര്‍ മുമ്പ് ജനാധിപത്യ അനുകൂല വിമതരെ കാണുകയും ടിയാനന്‍മെന്‍ സ്‌ക്വയര്‍ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ‘തായ്വാന് പിന്തുണ നല്‍കേണ്ടത് പ്രധാനമാണ്’ എന്ന് ഈ മാസമാദ്യം മിസ്സിസ് പെലോസി പറഞ്ഞിരുന്നു.

 

Latest News