Sunday, April 20, 2025

ചൈനയിൽ ജനക്കൂട്ടത്തിനിടയിലേക്ക് കാർ ഓടിച്ചുകയറ്റിയ സംഭവം: പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

തെക്കൻ ചൈനയിലെ ഒരു സ്പോർട്സ് സെന്ററിൽ ജനക്കൂട്ടത്തിലേക്ക് കാർ ഓടിച്ചുകയറ്റി 35 പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ വ്യക്തിക്ക് വധശിക്ഷ വിധിച്ചതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട്. കഴിഞ്ഞ മാസം ജുഹായ് നഗരത്തിലെ ഔട്ട്ഡോർ വേദിയിൽ വ്യായാമം ചെയ്തിരുന്ന ആളുകൾക്കിടയിലേക്ക് 62 കാരനായ ഫാൻ വെയ്കിയു എന്ന വ്യക്തി കാർ ഓടിച്ചുകയറ്റുകയായിരുന്നു.

സമീപമാസങ്ങളിൽ സാമ്പത്തികവളർച്ച മന്ദീഭവിക്കുമ്പോൾ കുട്ടികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങളെ ലക്ഷ്യമിട്ട് പെട്ടെന്നുണ്ടായ അക്രമസംഭവങ്ങൾ വർധിക്കുന്നത് ജനങ്ങളിൽ അസ്വസ്ഥത ഉളവാക്കുന്നുണ്ട്. കുറ്റസമ്മതം നടത്തിയശേഷം വെള്ളിയാഴ്ച ജുഹായ് ഇന്റർമീഡിയറ്റ് പീപ്പിൾസ് കോടതിയിൽ ഫാൻ ശിക്ഷിക്കപ്പെട്ടതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ വെളിപ്പെടുത്തി.

വിവാഹജീവിതത്തിലെ പാളിച്ചകൾ മൂലമുണ്ടായ രോഷത്തിലാണ് ഫാൻ കുറ്റകൃത്യം ചെയ്തതെന്ന് കോടതി വ്യക്തമാക്കി. ആക്രമണത്തിനുശേഷം കത്തി ഉപയോഗിച്ച് സ്വയം പരിക്കേൽപിക്കാൻ ശ്രമിച്ച ഫാനിനെ ഉദ്യോഗസ്ഥർ കാറിൽ കണ്ടെത്തുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തതായി പൊലീസ് അവരുടെ പ്രസ്താവനയിൽ പറഞ്ഞു.

“പ്രതി ഫാൻ വെയ്കിയുവിന്റെ ക്രിമിനൽ പെരുമാറ്റം നിന്ദ്യമാണെന്ന് കോടതി കണ്ടെത്തുന്നു. കുറ്റകൃത്യത്തിന്റെ സ്വഭാവം പ്രത്യേകിച്ചും ക്രൂരമായിരുന്നു. കുറ്റകൃത്യം നടന്ന രീതി അതിലും ക്രൂരമായിരുന്നു” – കോടതി വിധി പ്രഖ്യാപിച്ചുകൊണ്ടു പറഞ്ഞു. വിദൂര പടിഞ്ഞാറൻ പ്രദേശമായ സിൻജിയാങ്ങിൽ തുടർച്ചയായ ആക്രമണങ്ങൾ നടന്ന 2014 നുശേഷം ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ട ആദ്യ സംഭവമായിരുന്നു ഇത്.

ആക്രമണത്തെ ‘അങ്ങേയറ്റം ക്രൂരം’ എന്നു വിശേഷിപ്പിച്ച ചൈനീസ് നേതാവ് ഷി ജിൻപിങ്, കഠിനമായ ശിക്ഷ ആവശ്യപ്പെടാൻ പ്രേരിപ്പിച്ചതായി സി. സി. ടിവി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

സെൻട്രൽ ഹുനാൻ പ്രവിശ്യയിലെ ഒരു പ്രൈമറി സ്കൂളിനു പുറത്ത് ജനക്കൂട്ടത്തിലേക്ക് കാർ ഓടിച്ചുകയറ്റി 18 വിദ്യാർഥികൾ ഉൾപ്പെടെ 30 പേരെ പരിക്കേൽപ്പിച്ച ഒരാൾക്ക് മറ്റൊരു ചൈനീസ് കോടതി സസ്പെൻഡ് ചെയ്ത വധശിക്ഷ വിധിച്ചതിനു തൊട്ടുപിന്നാലെയാണ് ഫാനിന്റെ വിധി.

Latest News