ചൈനയില്‍ ജനുവരി 13 നും 19നും ഇടയില്‍ മാത്രം കൊവിഡും കൊവിഡാനന്തര രോഗങ്ങളും മൂലം മരിച്ചത് 13000 പേരെന്ന് റിപ്പോര്‍ട്ട്. ഈ മാസം മരിച്ച അറുപതിനായിരം പേര്‍ക്ക് പുറമെയാണ് ഇതെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ചൈനീസ് പുതുവര്‍ഷം ആഘോഷിച്ചത്. ബീജിംഗിലെ പ്രശസ്തമായ ലാമ ക്ഷേത്രത്തിന് പുറത്ത് മൈലുകളോളം ആളുകളുടെ നിര ചൈനീസ് പുതുവല്‍സര ദിനത്തിലുണ്ടായിരുന്നുവെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്.
കൊവിഡ് മാനദണ്ഡങ്ങളെ തുടര്‍ന്ന് നേരത്തെ നിരവധി തവണ ഈ ക്ഷേത്രം അടിച്ചിരുന്നു. മഹാമാരിയുടെ തരംഗം പോയെന്ന് വിശ്വസിക്കുന്നവര്‍ പോലും സ്വയം സംരക്ഷിക്കേണ്ടത് അവശ്യമെന്നാണ് കണക്കുകൂട്ടുന്നതെന്നാണ് റോയിട്ടേഴ്സിനോട് പ്രതികരിച്ച ആളുകള്‍ വിശദമാക്കുന്നത്. ആഗോള തലത്തില്‍ ചൈന കൊവിഡ് മരണങ്ങള് മറച്ചുവയ്ക്കുന്നുവെന്ന് വ്യാപക ആരോപണം ഉയര്‍ന്നതിന് പിന്നാലെ അടുത്തിടെയാണ് ബീജിംഗ് കണക്കുകള്‍ ലഭ്യമാക്കിയത്. ഡിസംബര്‍ ആദ്യം വൈറസ് വ്യാപനം ശക്തമായതിനു ശേഷം സര്‍ക്കാര്‍ പുറത്തുവിടുന്ന ആദ്യത്തെ റിപ്പോര്‍ട്ടില്‍ 60000 കൊവിഡ് മരണങ്ങളുണ്ടായതായി ചൈന വ്യക്തമാക്കിയിരുന്നു.
ഡിസംബര്‍ 8 നും ഈ വര്‍ഷം ജനുവരി 12 നും ഇടയില്‍ ചൈനയില്‍ 59,938 കൊവിഡ് മരണങ്ങള് രേഖപ്പെടുത്തിയതായി ദേശീയ ആരോഗ്യ കമ്മീഷനു കീഴിലുള്ള ബ്യൂറോ ഓഫ് മെഡിക്കല്‍ അഡ്മിനിസ്ട്രേഷന് മേധാവി ജിയാവോ യാഹുയി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ആശുപത്രികളില്‍ രേഖപ്പെടുത്തിയിട്ടുള്ള മരണങ്ങള് മാത്രമാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്നാണ് വിവരം.