ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയുമായി അമേരിക്കൻ നയതന്ത്ര പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തിയതിനെ വിമർശിച്ച് ചൈന രംഗത്ത്. ദലൈ ലാമയുമായുള്ള കൂടിക്കാഴ്ചക്കെതിരെ ചൈന പ്രസ്താവനയിലൂടെയാണ് വിമർശനവുമായി രംഗത്തെത്തിയത്. ടിബറ്റൻ വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ നയതന്ത്ര പ്രതിനിധി സംഘം നടത്തിയതിനു എതിരെയാണ് ചൈനയുടെ വിമർശനം.
കഴിഞ്ഞ ദിവസം ഡൽഹിയിൽ വച്ചായിരുന്നു ബൈഡൻ ഭരണകൂടത്തിന്റെ മനുഷ്യാവകാശ വിഭാഗം പ്രതിനിധി ഉസ്ര സെയയും അമേരിക്കൻ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ഡൊണാൾഡ് ലൂവും ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി എറിക് ഗാർസെറ്റിയിം സംഘാംഗങ്ങളും ദലൈ ലാമയെ സന്ദർശിച്ചത്. എന്നാൽ ഈ നീക്കം ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് ചൈനയുടെ ആരോപണം. “ടിബറ്റൻ വിഷയം തങ്ങളുടെ ആഭ്യന്തര കാര്യമാണ്. അമേരിക്ക അനാവശ്യമായി അതിൽ കൈ കടത്തി തങ്ങളുടെ പരമാധികാരത്തിൽ ഇടപെടരുത്.” ചൈന പ്രസ്താവനയിൽ പറയുന്നു. ദലൈ ലാമ നിലവിൽ ആത്മീയ ആചാര്യനല്ലെന്നും ഇന്ത്യയിൽ ഇരുന്ന് ചൈനക്കെതിരെ പ്രവർത്തിക്കുന്ന രാഷ്ട്രീയ അഭയാർത്ഥിയാണെന്നും പ്രസ്താവനയിൽ ചൈന ആരോപണം ഉയർത്തി.
ടിബറ്റൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളെ ഒരു ലോകരാജ്യങ്ങളും അംഗീകരിക്കാൻ പാടില്ലെന്നും, അങ്ങനെ ചെയ്താൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ചൈന ഭീഷണിപ്പെടുത്തുന്നു. ചൈനയിൽ ജീവന് ഭീഷണിയുള്ളതിനാൽ ഇന്ത്യയിൽ അഭയം പ്രാപിച്ചിരിക്കുന്ന ദലൈ ലാമയെയും സംഘത്തെയും നിരന്തരം വേട്ടയാടാനുള്ള ചൈനയുടെ ശ്രമങ്ങൾക്കെതിരെ ലോകരാജ്യങ്ങളിൽ നിന്നും ബുദ്ധമത വിശ്വാസികളിൽ നിന്നും പ്രതിഷേധങ്ങൾ ശക്തമാണ്. ഈ വിഷയത്തിൽ അമേരിക്ക സജീവമായ ഇടപെടൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത് ചൈനയ്ക്ക് നൽകുന്ന കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.