കൊറോണ വൈറസിന്റെ ഉത്ഭവം തേടിയുള്ള ലോകാരോഗ്യ സംഘടനയുടെ നീക്കത്തെ വിമർശിച്ച് ചൈന. ലോകാരോഗ്യ സംഘടന ചൈനയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ഷെൻ ഹോങ്ബിംഗ് പറഞ്ഞു. ഇത് സംബന്ധിച്ച വിവരങ്ങൾ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസാണ് റിപ്പോർട്ട് ചെയ്തത്.
‘ലോകാരോഗ്യ സംഘടനയുടെ പരാമർശങ്ങൾ കുറ്റകരവും അനാദരവുമാണ്. കോവിഡിനെ രാഷ്ട്രീവത്കരിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നത് ഒഴിവാക്കണം’- ഹോങ്ബിംഗ് പറഞ്ഞു.
കോവിഡ് ആദ്യം സ്ഥിരീകരിച്ച മധ്യ ചൈനയിലെ വുഹാനിലെ മാർക്കറ്റിൽ നിന്നും വൈറസ് മൃഗങ്ങളിലേക്കും അവിടെ നിന്നും മനുഷ്യരിലേക്കും വന്നുവെന്നാണ് ശാസ്ത്രജ്ഞർ അടക്കം വിശ്വസിക്കുന്നത്. അതിനാൽ വുഹാനിൽ നിന്നും ജനിതക വസ്തുക്കൾ ശേഖരിച്ചതായി ഡബ്ല്യൂഎച്ച്ഒയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മാർച്ച് 17 ന് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് വിമർശനവുമായി ചൈന രംഗത്തെത്തിയത്.
അതേസമയം,കോവിഡിന്റെ ഉത്ഭവത്തെ കുറിച്ച് ചൈനീസ് സർക്കാരും നിസ്സഹകരണം തുടരുകയാണ്. വൈറസ്, വാഷിംഗ്ടണില്‍ സൃഷ്ടിച്ച് ചൈനയിലേക്ക് കടത്തിയതാണെന്നാണ് ചൈനീസ് ഉദ്യോഗസ്ഥരുടെ വാദം. വിദേശത്തുള്ള ശാസ്ത്രജ്ഞർ അതിനെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും കാണുന്നില്ലെങ്കിലും, ഭക്ഷ്യ കയറ്റുമതി വഴി വൈറസ് ചൈനയിൽ പ്രവേശിച്ചിരിക്കാമെന്നും സർക്കാർ പറയുന്നു.