Tuesday, November 26, 2024

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് ചൈന; ഇളവുകള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍

ചൈനയിലേക്ക് എത്തുന്ന വിദേശികള്‍ക്ക് ഇനി ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമല്ല. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ് അനുവദിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗാണ് പ്രഖ്യാപിച്ചത്. ശനിയാഴ്ച മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

‘രാജ്യത്ത് പ്രവേശിക്കുന്നതിനു ശനിയാഴ്ച മുതല്‍ യാത്രക്കാർ ബോർഡിംഗിന് മുമ്പ് 48 മണിക്കൂറിനുള്ളിൽ എടുത്ത ആന്റിജൻ പരിശോധനാ ഫലം കാണിച്ചാല്‍ മതിയാവും.’ -മാവോ നിംഗ് പറഞ്ഞു. സീറോ കോവിഡ് നയത്തില്‍ മാറ്റം വരുത്തുന്നതിന്‍റെ ഭാഗമായാണ് ഇളവ് അനുവദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് വർഷമായി, ലോക്ക്ഡൗണുകളും പതിവ് മാസ് ടെസ്റ്റിംഗും ഉൾപ്പെടെ നടത്തി വൈറസിനെ ഇല്ലാതാക്കാൻ ചൈന ശ്രമം നടത്തിയിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ രാജ്യത്തെ സമ്പദ്‍വ്യവസ്ഥയെ ബാധിച്ചതോടെ രാജ്യവ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. ഇതേ തുടര്‍ന്ന് സീറോ കോവിഡ് നയത്തില്‍ ഇളവ് വരുത്താന്‍ നിര്‍ബന്ധിതമായി.

അതേസമയം, എല്ലാ തരത്തിലുമുളള വിസകളും കഴിഞ്ഞ മാസം ചൈനയില്‍ പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുകയും ചെയ്തു. എന്നാൽ, കോവിഡ് പരിശോധന വെല്ലുവിളിയാകുമെന്ന് വ്യക്തമായതോടെയാണ് ഇതിലും ഇളവ് അനുവദിച്ചത്.

Latest News