Monday, November 25, 2024

ആറ് രാജ്യങ്ങള്‍ക്ക് കൂടി വിസരഹിത പ്രവേശനം പ്രഖ്യാപിച്ച് ചൈന

ആറ് യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കൂടി വിസരഹിത പ്രവേശനം പ്രഖ്യാപിച്ച് ചൈന. സ്വിറ്റ്സര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, ഹങ്കറി, ഓസ്ട്രിയ, ബെല്‍ജിയം, ലക്സംബര്‍ഗ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസയില്ലാതെ പ്രവേശനം അനുവദിച്ചത്. ആദ്യഘട്ടത്തില്‍ 15 ദിവസത്തേക്കാണ് പ്രവേശനം.

മാര്‍ച്ച് 14 മുതല്‍ നവംബര്‍ 30 വരെയാണ് ബിസിനസ്, ടൂറിസം, ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുക എന്നിവയ്ക്കായി ചൈനയിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്. നേരത്തെ ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നെതര്‍ലന്‍ഡ്സ്, സ്പെയിന്‍, സിങ്കപ്പുര്‍, മലേഷ്യ, ബ്രൂണെ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും വിസരഹിത പ്രവേശനം പ്രഖ്യാപിച്ചിരുന്നു.

തായ്ലന്‍ഡും ചൈനയുമായി വിസയുടെ കാര്യത്തില്‍ ഉണ്ടാക്കിയ ധാരണയും ഈ ജനുവരിയില്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഇതുപ്രകാരം ഇരു രാജ്യങ്ങളിലെ പൗരന്മാര്‍ക്കും വിസയില്ലാതെ 30 ദിവസം വരെ പരസ്പരം സന്ദര്‍ശനം നടത്താം. ആറ് മാസത്തിനിടയില്‍ പരമാവധി 90 ദിവസം വരെ ഇത്തരത്തില്‍ ഇരു രാജ്യങ്ങളിലും താമസിക്കാം.

പുതിയ പ്രഖ്യാപനങ്ങള്‍ക്ക് ശേഷം ഫ്രാന്‍സ്, ജര്‍മനി, മലേഷ്യ, സിങ്കപ്പുര്‍ രജ്യങ്ങളില്‍നിന്ന് ചൈന സന്ദര്‍ശിക്കുന്നവരുടെ എണ്ണം വളരെയധികം വര്‍ധിച്ചിരുന്നു. അവധിക്കാലത്ത് ഈ രാജ്യങ്ങളില്‍നിന്ന് 3.23 ദശലക്ഷം സഞ്ചാരികളാണ് ചൈനയിലേക്ക് എത്തിയത്.

 

Latest News