Tuesday, November 26, 2024

ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം ആയുധങ്ങള്‍ സൂക്ഷിക്കുന്ന ബങ്കറുകള്‍ നിര്‍മിച്ച് ചൈന

കിഴക്കന്‍ ലഡാക്കില്‍ പാംഗോങ് തടാകത്തിന് സമീപം ആയുധങ്ങളും ഇന്ധനവും സൂക്ഷിക്കുന്ന ബങ്കറുകള്‍ നിര്‍മിച്ച് ചൈന. ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള വാഹനങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലവും ബങ്കറുകള്‍ക്കുള്ളില്‍ ഉണ്ടെന്നാണ് സൂചന.

സിര്‍ജാപില്‍ കേന്ദ്രീകരിച്ചിട്ടുള്ള പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സംഘമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്നും സൂചനയുണ്ട്. സാറ്റ്ലൈറ്റ് ചിത്രങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. യഥാര്‍ഥ നിയന്ത്രണരേഖക്ക് സമീപം അഞ്ച് കിലോ മീറ്റര്‍ അകലെയാണ് സംഭവം. 2020ല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷമുണ്ടാകുന്നത് വരെ പ്രദേശത്ത് മനുഷ്യവാസമുണ്ടായിരുന്നില്ല.

2021-22 കാലയളവില്‍ ഇവിടെ ഭൂഗര്‍ഭ ബങ്കറുകള്‍ ചൈന നിര്‍മിച്ചുവെന്നാണ് വിവരം. ബ്ലാക്ക് സ്‌കൈ എന്ന സ്ഥാപനമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. എട്ട് കവാടങ്ങളുള്ള ബങ്കറും അഞ്ച് കവാടങ്ങളുള്ള ബങ്കറുമാണ് ചൈന നിര്‍മിച്ചിരിക്കുന്നത്. ഇതിന് സമീപത്ത് തന്നെ വലിയൊരു ബങ്കറും കണ്ടെത്തിയിട്ടുണ്ട്.

വ്യോമാക്രമണത്തില്‍ നിന്നും ആയുധധാരിയായ വാഹനങ്ങളെ സംരക്ഷിക്കുകയെന്നതെന്നാണ് ബങ്കറുകളുടെ പ്രധാന ദൗത്യമെന്ന് സൂചനയുണ്ട്. ഇവക്കാവശ്യമായ വസ്തുക്കളും ബങ്കറുകളില്‍ ശേഖരിക്കും. ഗല്‍വാന്‍ താഴ്വരയില്‍ നിന്നും 120 കിലോ മീറ്റര്‍ മാത്രം അകലെയാണ് ബങ്കറുകള്‍ നിര്‍മിച്ച സ്ഥലം. അതേസമയം, ചിത്രങ്ങള്‍ പുറത്ത് വന്നതില്‍ ഇന്ത്യന്‍ സൈന്യം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2020ല്‍ ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. നാല് ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നു.

അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ വീണ്ടും തുടങ്ങാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായതിന് പിന്നാലെയാണ് ബങ്കറുകളുടെ ചിത്രങ്ങള്‍ പുറത്ത് വന്നത്. ഷാങ്ഹായി സഹകരണ ഉച്ചകോടിയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

കസാക്കിസ്ഥാനിലെ അസ്താനയില്‍ ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയില്‍ അതിര്‍ത്തിയിലെ തര്‍ക്കം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം സാധാരണനിലയിലാകുന്നതിന് തടസമാകുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും വിലയിരുത്തിയിരുന്നു.

 

Latest News