ഇന്ത്യയുടെ ഭൂമിയിൽ ചൈന കടന്നു കയറിയെന്ന് ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ലഡാക്ക് സന്ദര്‍ശനത്തിനിടെയാണ് രാഹുല്‍, പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രി ഇപ്പോഴും രാജ്യത്തിന്റെ ഒരിഞ്ചു സ്ഥലം പോലും പോയില്ല എന്ന് പറയുന്നത് വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു.
”ഇവിടെ ചൈന ഭൂമി കൈക്കലാക്കി എന്നതാണ് ആശങ്ക. ചൈനീസ് സൈന്യം തങ്ങളുടെ മേച്ചില്‍ ഭൂമി പിടിച്ചെടുത്തുവെന്ന് ആളുകള്‍ പറഞ്ഞു, എന്നാല്‍ ഒരിഞ്ച് ഭൂമി പോലും പിടിച്ചെടുത്തിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പക്ഷേ അത് ശരിയല്ല. നിങ്ങള്‍ക്ക് ഇവിടെ ആരോടെങ്കിലും ചോദിക്കാം’, രാഹുല്‍ പറഞ്ഞു. സംസ്ഥാനത്തിന് ആവശ്യം ഉദ്യോഗസ്ഥ ഭരണമല്ല, ജനങ്ങളുടെ പ്രതിനിധിയെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബൈക്കില്‍ സഞ്ചരിച്ച് ലഡാക്കില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധി പാങ്കോങ് തടാകത്തിലെത്തിയിരുന്നു. പിതാവും അന്തരിച്ച മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികമായ ഇന്ന് തടാകത്തില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍-കാര്‍ഗില്‍ (എല്‍എഎച്ച്ഡിസി-കാര്‍ഗില്‍) തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പാണ് രാഹുലിന്റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. ബൈക്ക് യാത്രയുടെ 10 ചിത്രങ്ങള്‍ അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.