Monday, November 25, 2024

കോവിഡ് നിയന്ത്രണങ്ങൾ നീക്കാനൊരുങ്ങി ചൈന

മൂന്നു വർഷത്തിനു ശേഷം കോവിഡ് നിയന്ത്രണങ്ങൾ നീക്കാനൊരുങ്ങി ചൈന. വിദേശത്തു നിന്ന് എത്തുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന ക്വാറന്റീൻ ജനുവരി എട്ടു മുതൽ നീക്കം ചെയ്യുമെന്ന് ചൈന അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ജോലിക്കും പഠനത്തിനും കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനുമായി എത്തുന്നവർക്കു വേണ്ടി ചൈന അതിർത്തികൾ തുറന്നുനൽകും.

ചൈനയിൽ കോവിഡ് വ്യാപനം വൻതോതിൽ വർദ്ധിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള ഈ നീക്കം. ആശുപത്രികൾ രോഗബാധിതരെക്കൊണ്ട് നിറഞ്ഞുവെന്നും പ്രായം ചെന്ന നിരവധി പേർ മരിക്കുന്നുവെന്നുമാണ് ചൈനയിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങൾ. എന്നാൽ അധികൃതർ, കണക്കുകൾ പുറത്തുവിടുന്നത് അവസാനിപ്പിച്ചതിനാൽ കോവിഡ് ബാധിതരുടെ എണ്ണമോ, യഥാർത്ഥ മരണസംഖ്യയോ വ്യക്തമല്ല. കോവിഡ് കണക്കുകൾ പുറത്തുവിടുന്നത് അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് അധികൃതർ വ്യക്തമാക്കിയത്.

കഴിഞ്ഞ ആഴ്ച ബെയ്ജിങ്ങിൽ മാത്രം പ്രതിദിനം 4000- ത്തിലധികം പേർക്ക് കോവിഡ് ബാധിച്ചുവെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ചൈനയിൽ പ്രതിദിനം 5000- ഓളം പേർ മരിക്കുന്നുണ്ടെന്നാണ് ബ്രിട്ടീഷ് ഹെൽത്ത് ഡേറ്റ സ്ഥാപനമായ എയർഫിനിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ചൈനയും കോവിഡിനൊപ്പം ജീവിക്കുക എന്ന രീതിയിലേക്ക് മാറാനൊരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

Latest News