മൂന്നു ബഹിരാകാശ യാത്രികരെ ടിയാൻഗോങ് ബഹിരാകാശ നിലയത്തിലേക്ക് വിജയകരമായി വിക്ഷേപിച്ച് ചൈന. 2030 ഓടെ ചന്ദ്രനിലേക്കുള്ള ഒരു ക്രൂ ദൗത്യത്തിന്റെ സുപ്രധാനമായ ഒരു ചുവടുവയ്പ്പായാണ് ഇതിനെ കണക്കാക്കുന്നത്. ഇന്നലെ വൈകുന്നേരം ഗോബി മരുഭൂമിയിലെ ജിയുക്വാൻ ഉപഗ്രഹ വിക്ഷേപണകേന്ദ്രത്തിൽ നിന്ന് ലോംഗ് മാർച്ച്-2F റോക്കറ്റിൽ ഷെൻഷോ-20 ബഹിരാകാശ പേടകം കുതിച്ചുയരുകയായിരുന്നു.
മൂന്നു പതിറ്റാണ്ടുകൾക്കു മുൻപ് ആരംഭിച്ച ഷെൻഷോ പ്രോഗ്രാമിലെ 15-ാമത്തെയും 20-ാമത്തെയും ക്രൂ ബഹിരാകാശ യാത്രയാണിത്. ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സൈനികവിഭാഗമായ പീപ്പിൾസ് ലിബറേഷൻ ആർമിയാണ് ചൈനയുടെ ബഹിരാകാശപദ്ധതി നിയന്ത്രിക്കുന്നത്. 2030 നു മുൻപ് ചന്ദ്രനിൽ ഒരാളെ എത്തിക്കുക എന്നതാണ് ബഹിരാകാശ ഏജൻസിയുടെ ലക്ഷ്യം.
ഷെൻഷോ അഥവാ സെലസ്റ്റിയൽ വെസ്സൽ 20 ദൗത്യത്തിന്റെ കമാൻഡർ, ചെൻ ഡോങ് ആണ്. അദ്ദേഹത്തിന്റെ മൂന്നാമത്തെ പറക്കലാണിത്. അദ്ദേഹത്തോടൊപ്പം ഫൈറ്റർ പൈലറ്റ് ചെൻ സോങ്‌റുയിയും എഞ്ചിനീയർ വാങ് ജിയും ഉണ്ട്. ഇരുവരും തങ്ങളുടെ കന്നിയാത്രകൾ നടത്തുന്നുണ്ടെന്ന് ചൈന മാനെഡ് സ്‌പേസ് ഏജൻസി അറിയിച്ചു.