നാസയുടെ തിരിച്ചടികൾ നേരിടുന്നതിനിടയിലും തങ്ങളുടെ ചാന്ദ്രദൗത്യം ശരിയായ ദിശയിലെന്ന് ചൈന. 2030 ഓടെ ചന്ദ്രനിൽ കാലുകുത്താനുള്ള ചൈനയുടെ പദ്ധതികൾ പുരോഗമിക്കുകയാണെന്നും ചൈന അവകാശപ്പെടുന്നു. അതേസമയം, പരീക്ഷണങ്ങൾ ഷെഡ്യൂൾപ്രകാരം പുരോഗമിക്കുകയാണെന്നും കഴിഞ്ഞയാഴ്ച ചന്ദ്രനിൽ ഇറങ്ങാനുള്ള ബഹിരാകാശ പേടകത്തിന്റെ ആദ്യകാല പരീക്ഷണത്തിനു ശേഷം രാജ്യത്തിന്റെ ബഹിരാകാശ ഏജൻസി അറിയിച്ചു.
മെങ്‌ഷോയിലെ അടുത്ത തലമുറയ്ക്കു പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകത്തിന്റെ പ്രോട്ടോടൈപ്പിന്റെ വിജയകരമായ പരീക്ഷണം ചൈനീസ് ബഹിരാകാശ ഏജൻസി കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്. ലാൻയു ചാന്ദ്ര ഉപരിതല ലാൻഡറിന്റെ വികസനം സുഗമമായിത്തന്നെ പുരോഗമിക്കുകയാണെന്നും SCMP റിപ്പോർട്ട് ചെയ്തു. മെങ്‌ഷൗവിന് രണ്ട് മൊഡ്യൂളുകളുണ്ട്. ഒന്ന് ഭൂമിയിലേക്കു മടങ്ങും, മറ്റൊന്ന് ബഹിരാകാശത്ത് ആയിരിക്കുമ്പോൾതന്നെ ആറ് ബഹിരാകാശ യാത്രികരുടെ ഒരു സംഘത്തിന് പ്രൊപ്പൽഷൻ, പവർ, ലൈഫ് സപ്പോർട്ട് എന്നിവ നൽകുന്നതിന് ഉപയോഗിക്കാവുന്ന മൊഡ്യൂൾ ആണ്.
വിക്ഷേപണം പരാജയപ്പെടുന്ന സാഹചര്യത്തിൽ, സംഘത്തെ സുരക്ഷിതസ്ഥാനത്ത് എത്തിക്കുന്നതിനായി വികസിപ്പിച്ചെടുത്ത ബഹിരാകാശ പേടകത്തിന്റെ അടിയന്തര രക്ഷപെടൽ സംവിധാനങ്ങൾ കൂടുതൽ ഗ്രൗണ്ട് ടെസ്റ്റുകളിലൂടെ വിലയിരുത്തുകയും ചെയ്യും.