ജനന നിരക്ക് വർദ്ധിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ ചൈന പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സൗഹാർദ്ദപരമായി കുട്ടികളെ ജനിപ്പിക്കുന്ന അന്തരീക്ഷം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി എന്നാണ് വിവരം. ‘ന്യൂ ഇറ’ എന്നാണ് ഇതിനു നൽകിയിരിക്കുന്ന പേര്.
ചൈനയുടെ ഫാമിലി പ്ലാനിങ് അസോസിയേഷൻ വഴിയാണ് ‘ന്യൂ ഇറ’ പദ്ധതി നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത്. ലോക ജനസംഖ്യ നിരക്കിൽ ചൈനയെ തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തു എത്തിയതിനു പിന്നാലെയാണ് ചൈനയുടെ പുതിയ നീക്കം. 20 ലധികം നഗരങ്ങളിൽ ‘ന്യൂ ഇറ’ പൈലറ്റ് പ്രോജക്ടുകൾ ആരംഭിക്കാനാണ് ചൈനയുടെ ലക്ഷ്യം. ഇതിലൂടെ വിവാഹ, പ്രസവ സംസ്കാരത്തിന്റെ ‘പുതിയ കാലഘട്ടം’ സൃഷ്ടിക്കാൻ കഴിയുമെന്നും ചൈന കണക്കുകൂട്ടുന്നു.
കൃത്യമായ പ്രായത്തില്‍ കുട്ടികളെ വിവാഹം കഴിപ്പിക്കുക, സ്ത്രീധനം നിയന്ത്രിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനു നികുതി ആനുകൂല്യങ്ങള്‍, മൂന്നാമതുണ്ടാകുന്ന കുട്ടിക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ എന്നിവയും ‘ന്യൂ ഇറ’ പദ്ധതിയില്‍ ഉണ്ട്. ചൈനീസ് നഗരമായ ബെയ്ജിങില്‍ ഇതിനോടകം പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്.