Monday, November 25, 2024

ടിയാൻഗോങ് ബഹിരാകാശനിലയത്തിൻറെ വലുപ്പം ഇരട്ടിയാക്കുമെന്ന് ചൈന

ചൈനയുടെ ബഹിരാകാശനിലയമായ ടിയാൻഗോങിൻറെ വലുപ്പം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനവുമായി ഭരണകൂടം. നാസയുമായുള്ള മത്സരത്തിൻറെ പശ്ചാത്തലത്തിലാണ് തീരുമാനം. ബഹിരാകാശനിലയത്തിൻറെ വലുപ്പം ഇരട്ടിയാക്കുന്നതോടെ കൂടുതൽ ആളുകളെ അവിടെ എത്തിക്കാൻ കഴിയുമെന്നാണ് ചൈനയുടെ വിലയിരുത്തൽ.

ടിയാൻഗോങ് ബഹിരാകാശനിലയം 2022 അവസാനം മുതലാണ് പ്രവർത്തനം ആരംഭിക്കുന്നത്. നിലയത്തിൽ ഏഴുപേർക്ക് കഴിയാനുള്ള സൗകര്യമാണ് നിലവിൽ ഉള്ളത്. ഇത് വിപുലപ്പെടുത്തി കൂടുതൽ ആളുകളെ എത്തിക്കാനാണ് ചൈനയുടെ ശ്രമം. നിലവിൽ ബഹിരാകാശനിലയിൽ മൂന്ന് പേർ മാത്രമാണ് കഴിയുന്നത്. ആറുമാസം കൂടുമ്പോൾ നേരത്തെയുള്ളവർ മടങ്ങിയെത്തി പുതിയ ആളുകൾ പോകുന്ന നിലയിലാണ് ദൗത്യം. നാസയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയമായ ഐ‌എസ്‌എസ് 2030 ൽ ദൗത്യം അവസാനിപ്പിക്കുമെന്ന സൂചനകൾക്ക് പിന്നാലെയാണ് നിലയം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചൈന നീക്കങ്ങൾ നടത്തുന്നത്. ഈ സമയം വിവിധ രാജ്യങ്ങളിൽനിന്നുള്ള ബഹിരാകാശ സഞ്ചാരികൾക്ക് അവസരമൊരുക്കി വലിയ ബഹിരാകാശ ശക്തിയാകാൻ കഴിയുമെന്നും ചൈന കരുതുന്നുണ്ട്.

Latest News