Monday, November 25, 2024

അരുണാചല്‍ പ്രദേശിന് മേല്‍ അവകാശം ഉറപ്പിക്കാന്‍ ചൈന; 11 സ്ഥലങ്ങള്‍ക്ക് പുതിയ പേരുകള്‍ നല്‍കി

അരുണാചല്‍ പ്രദേശിന് മേലുള്ള അവകാശവാദം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായി അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങള്‍ക്ക് ചൈന പുതിയ പേരുകള്‍ നല്‍കി. ഈ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ ‘ടിബറ്റിന്റെ തെക്കന്‍ ഭാഗമായ സാങ്നാന്‍’ എന്നാണ് ചൈന വിശേഷിപ്പിച്ചിരിക്കുന്നത്.

ചൈനയുടെ കാബിനറ്റായ സ്റ്റേറ്റ് കൗണ്‍സില്‍ പുറപ്പെടുവിച്ച പേരുകള്‍ ചൈനീസ്, ടിബറ്റന്‍, പിന്‍യിന്‍ എന്നീ ഭാഷകളിലുള്ള അക്ഷരങ്ങളിലൂടെ ആഭ്യന്തരകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. രണ്ട് ഭൂപ്രദേശങ്ങള്‍, രണ്ട് ജനവാസ മേഖലകള്‍, അഞ്ച് പര്‍വതശിഖരങ്ങള്‍, രണ്ട് നദികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ സ്ഥല പട്ടിക. ഇത് മൂന്നാം തവണയാണ് അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് ചൈന പേരുകള്‍ നല്‍കുന്നത്. 2017ല്‍ ആറ് സ്ഥലങ്ങള്‍ക്കും 2021ല്‍ 15 സ്ഥലങ്ങള്‍ക്കും ചൈനീസ് ആഭ്യന്തര കാര്യ മന്ത്രാലയം ഇത്തരത്തില്‍ പേര് നല്‍കിയിരുന്നു.

അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റാനുള്ള ചൈനയുടെ നീക്കം ഇന്ത്യ നേരത്തെ തള്ളിയിരുന്നു. അരുണാചല്‍ പ്രദേശ് എല്ലായ്‌പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന പുതിയ പേരുകള്‍ നല്‍കുന്നത് ഈ വസ്തുതയ്ക്ക് മാറ്റം വരുത്തില്ലെന്നും ഇന്ത്യ വാദിച്ചു. പുതിയ പേരുകള്‍ പ്രഖ്യാപിക്കുന്നത് നിയമാനുസൃത നീക്കമാണെന്നും ഭൂമിശാസ്ത്രപരമായി പേരുകള്‍ നല്‍കുന്നത് ചൈനയുടെ അവകാശമാണെന്നും ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

 

Latest News