Monday, November 25, 2024

2020 മാര്‍ച്ചിന് ശേഷം ആദ്യമായി അതിര്‍ത്തികള്‍ തുറന്ന് ചൈന

2020 മാര്‍ച്ചിന് ശേഷം ആദ്യമായി ചൈനീസ് അതിര്‍ത്തികള്‍ അന്താരാഷ്ട്ര സഞ്ചാരികള്‍ക്കായി പൂര്‍ണ്ണമായും തുറന്നുകൊടുത്തു. ഇനി മുതല്‍ ചൈനയിലെത്തുന്നവര്‍ക്ക് ക്വാറന്റൈന്റെ ആവശ്യവുമില്ല. എന്നാല്‍ 48 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാണ്.

ചുന്‍യുന്‍ എന്നറിയപ്പെടുന്ന ചൈനീസ് ചാന്ദ്ര പുതുവര്‍ഷ സീസണ്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് യാത്രാവിലക്കുകള്‍ നീക്കിയത്. ഇതോടെ വിദേശത്തുള്ള ചൈനീസ് പൗരന്മാര്‍ക്ക് വൈകാതെ രാജ്യത്തെത്താന്‍ കഴിയും. ഡിസംബര്‍ വരെ കടുത്ത കോവിഡ് നയങ്ങളും ലോക്ഡൗണുകളും നിലനിന്നിരുന്നതിനാല്‍ പലര്‍ക്കും രാജ്യത്തെത്താന്‍ അനുവാദമില്ലായിരുന്നു.

അതേസമയം, തീരുമാനത്തിന് പിന്നാലെ ബീജിംഗ്, ഷിയാമെന്‍ നഗരങ്ങളില്‍ വിമാനടിക്കറ്റ് വില്പന കുതിച്ചുയര്‍ന്നു. ഹോങ്കോംഗില്‍ നിന്ന് മാത്രം ഏകദേശം 400,000 പേര്‍ വരും ആഴ്ചകളില്‍ ചൈനയിലേക്ക് യാത്ര നടത്തുമെന്നാണ് കരുതുന്നത്. നീണ്ട രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ചുന്‍ യുന്‍ സീസണ്‍ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ചൈന.

ചുന്‍യുന്‍ അവധിയാഘോഷത്തിന്റെ ഭാഗമായി ഏകദേശം രണ്ട് ബില്യണ്‍ യാത്രകളാണ് ഇക്കൊല്ലം ചൈനയില്‍ പ്രതീക്ഷിക്കുന്നത്. ജനുവരി 22 നാണ് ചൈനീസ് പുതുവര്‍ഷ ദിനം. അതേ സമയം, അതിര്‍ത്തികള്‍ കൂടി തുറന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ഉയര്‍ന്ന കോവിഡ് വ്യാപന നിരക്ക് വര്‍ദ്ധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

 

Latest News