പശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചൈനയും റഷ്യയും തമ്മിലുള്ള ബന്ധം ശക്തമാകുമെന്ന് റിപ്പോര്‍ട്ട്. ഇത് സ്ഥിരീകരിക്കുന്ന തരത്തില്‍ റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിനും ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങും തമ്മില്‍ കൂടിക്കാഴ്ച നടന്നു. ചൈനയുടെ തലസ്ഥാന നഗരമായ ബെയ്ജിംങില്‍ വച്ച് ബുധനാഴ്ചയായിരുന്നു ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടന്നത്.
യുക്രൈന്‍ അധിനിവേശത്തെച്ചൊല്ലി അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുന്ന സാഹചര്യത്തിലാണ് റഷ്യ ചൈനയുമായി കൂടുതല്‍ അടുക്കുന്നത്. റഷ്യ- യുക്രൈന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പാശ്ചാത്യരാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും റഷ്യക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചിരുന്നത്. ജി7 രാജ്യങ്ങളുടെ യോഗത്തില്‍ റഷ്യയുടെ യുക്രൈന്‍ യുദ്ധവും വര്‍ദ്ധിച്ചുവരുന്ന ചൈനീസ് ഭീഷണിയുമൊക്കെ വലിയ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യ -ചൈന നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും നയതന്ത്രപരവും സാമ്പത്തികവുമായ പിന്തുണയ്ക്കായി ഇരു രാജ്യങ്ങളും കൂടുതല്‍ അടുക്കുകയും ചെയ്യുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം “അഭൂതപൂർവമായ ഉയർന്ന തലത്തിലാണ്” എന്ന് റഷ്യൻ പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ പറഞ്ഞു. അന്താരാഷ്ട്ര രംഗത്ത് വർധിച്ചുവരുന്ന പ്രക്ഷുബ്ധതയും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള പ്രകോപനവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ പ്രേരണയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.