Monday, November 25, 2024

ക്ലോണിങ്ങിലൂടെ കൂടുതല്‍ പാല്‍ കിട്ടുന്ന പശുക്കളെ കണ്ടെത്തിയതായി ചൈനയുടെ അവകാശവാദം

ക്ലോണിങ്ങിലൂടെ കൂടുതല്‍ പാല്‍ കിട്ടുന്ന പശുക്കളെ കണ്ടെത്തിയതായി ചൈനയുടെ അവകാശവാദം. സൂപ്പര്‍ പശുക്കള്‍ എന്നാണ് പുതിയതായി ക്ലോണ്‍ ചെയ്തെടുത്ത പശുക്കള്‍ക്ക് പേരിട്ടിരിക്കുന്നതെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ അറിയിച്ചു. പ്രതിവര്‍ഷം സൂപ്പര്‍ പശുക്കള്‍ക്ക് 18,000 ലിറ്റര്‍ പാലും അവയുടെ ജീവിതകാലത്ത് ഏകദേശം 100,000 ലിറ്റര്‍ പാലും ഉത്പാദിപ്പിക്കാന്‍ കഴിയും എന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

കഴിഞ്ഞവര്‍ഷം ആദ്യമാണ് ക്ലോണിങ് പരീക്ഷണങ്ങള്‍ ആരംഭിച്ചത്. ചൈനയിലെ ഷാങ്‌സിയിലുള്ള നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഫോറസ്ട്രി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകരാണ് ഇതിന് വേണ്ട നേതൃത്വം നല്‍കിയത്. നെതര്‍ലാന്‍ഡില്‍ നിന്നുള്ള ഹോള്‍സ്റ്റീന്‍ ഫ്രീസിയന്‍ ഇനത്തില്‍ പെട്ട അത്യുല്‍പാദന ശേഷിയുള്ള പശുക്കളെയാണ് ക്ലോണ്‍ ചെയ്യുന്നതിനായി ഉപയോഗിച്ചത്.

ഡിസംബര്‍ ആദ്യവാരത്തോടെയാണ് പൂര്‍ണ്ണ ആരോഗ്യത്തോടെ ലിംഗ്വു സിറ്റിയില്‍ പശുക്കുട്ടികള്‍ ജനിച്ചതെന്നാണ് റിപ്പോര്‍ട്ട്. പരമ്പരാഗതമായി വളര്‍ത്തുന്ന മൃഗങ്ങളില്‍ നിന്നുള്ള ഭക്ഷണം കഴിക്കുന്നത് പോലെ സുരക്ഷിതമാണ് ക്ലോണ്‍ ചെയ്ത പശുവിന്റെ മാംസവും പാലും കഴിക്കുന്നതെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. വരും വര്‍ഷങ്ങളില്‍ ആയിരത്തോളം സൂപ്പര്‍ പശുക്കളെ സൃഷ്ടിച്ച് രാജ്യത്തിന് ആവശ്യമായ പാല്‍ സ്വന്തമായി ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഗവേഷകര്‍ പറഞ്ഞു.

 

 

Latest News