നിയന്ത്രണ രേഖയിലെ സാഹചര്യങ്ങൾ സാധാരണ നിലയിലാണെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ തുറന്ന ചർച്ച വേണമെന്നും വ്യക്തമാക്കി ചൈന. ഡിസംബർ ഒൻപതിന് അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ഇന്ത്യ-ചൈന സൈനികർ ഏറ്റുമുട്ടിയതിന് ശേഷമുള്ള ചൈനയുടെ ആദ്യ പ്രതികരണമാണിത്.
“ഞങ്ങൾ മനസ്സിലാക്കിയിടത്തോളം, ചൈന-ഇന്ത്യ അതിർത്തിയിൽ സ്ഥിതി സാധാരണ നിലയിലാണ്,” വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ അതിർത്തി പ്രശ്‌നത്തിൽ ഇരുപക്ഷവും ചർച്ചകൾ ചെയ്യുന്നുണ്ട്. വാർത്താ ഏജൻസിയായ എഎഫ്‌പിയാണ് ചൈനയുടെ പ്രതികരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിസംബർ ഒൻപതിന് അരുണാചൽ പ്രദേശിലെ തവാംഗ് സെക്ടറിൽ ഇന്ത്യ-ചൈന സൈനികർ ഏറ്റുമുട്ടിയതിന് ശേഷം ചൈന ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. സംഘർഷത്തെക്കുറിച്ച് ഇന്ത്യൻ പ്രതിരോധമന്ത്രി ഇന്ന് പാർലമെൻ്റിൽ പ്രസ്താവന നടത്തിയിരുന്നു.