ചാരവൃത്തി ആരോപിച്ച് 78 കാരനായ യുഎസ് പൗരനെ ചൈനീസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഹോങ്കോങ്ങിൽ സ്ഥിരതാമസക്കാരനായ ജോൺ ഷിംഗ്-വാൻ ലിയുങ്ങിനെയാണ് തിങ്കളാഴ്ച ജയിലിലടച്ചത്. ചൈനയുടെ കൗണ്ടർ ഇന്റലിജൻസ് ഏജൻസിയുടെ പ്രാദേശിക ബ്യൂറോ രണ്ട് വർഷം മുമ്പ് നഗരത്തിൽ വെച്ച് ല്യൂങ്ങിനെ അറസ്റ്റ് ചെയ്തതായി കോടതിയിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ പറയുന്നു.
“ജോൺ ഷിംഗ്-വാൻ ലിയുങ് ചാരവൃത്തിയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. കൂടാതെ അദ്ദേഹത്തിന് ജീവപര്യന്തം രാഷ്ട്രീയ അവകാശങ്ങൾ നഷ്‌ടപ്പെട്ടു”- വീ ചാറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത ഇന്റർമീഡിയറ്റ് പീപ്പിൾസ് കോടതിയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. അറസ്റ്റിലാകുന്ന സമയത്ത് ല്യൂങ് എവിടെയാണ് താമസിച്ചിരുന്നതെന്ന് എന്നും വ്യക്തമല്ല.
അടഞ്ഞ വാതിൽ വിചാരണകൾ ചൈനയിൽ സാധാരണമാണ്. ചാരപ്രവർത്തനം ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ കേസുകളിൽ ചില വിശദാംശങ്ങൾ പൊതുവെ പരസ്യമാക്കാറുണ്ട്. എന്നാൽ വിദേശികളുടെ കാര്യത്തിൽ അറസ്റ്റിലാകുന്നവരുടെ വിവരങ്ങൾ വളരെ കുറച്ചു മാത്രമേ പ്രസിദ്ധപ്പെടുത്താറുള്ളു. 2018 ൽ ചൈനയ്‌ക്കെതിരെ വ്യാപാരയുദ്ധം ആരംഭിച്ചതിന് ശേഷം മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത് വഷളായ ചൈനയും യുഎസും തമ്മിലുള്ള ബന്ധത്തെ ല്യൂങ്ങിനെ ജയിലിലടച്ചത് കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്.
അതിനിടെ ജൂലൈയിൽ ചൈനയുടെ ചാരവൃത്തി നിയമത്തിന്റെ വ്യാപ്തി വിശാലമാക്കുന്ന ഒരു പുതിയ നിയമം പ്രാബല്യത്തിൽ വരുത്തുവാൻ ഒരുങ്ങുകയാണ്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതായി അധികാരികൾ കരുതുന്ന ഏതൊരു വിവരവും കൈമാറുന്നത് പ്രാബല്യത്തിൽ വരാനിരിക്കുന്ന പുതിയ നിയമം നിരോധിക്കും.