ചൈനീസ് ഉൽപന്നങ്ങൾക്ക് യു എസ് അധിക താരിഫ് ഏർപ്പെടുത്തിയതിനു മറുപടിയായി ഗൂഗിൾ, കാൽവിൻ ക്ലീൻ ഉടമ പി വി എച്ച്, കാർഷികോപകരണ നിർമ്മാതാക്കൾ എന്നിവരുൾപ്പെടെ യു എസ് ബിസിനസുകളെ ലക്ഷ്യമിട്ട് നിരവധി നടപടികൾ ചൈന പ്രഖ്യാപിച്ചു. ഈ നീക്കം, ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര പിരിമുറുക്കത്തിൽ ഗണ്യമായ വർധനവ് അടയാളപ്പെടുത്തുന്നു.
ചൈനയുടെ വാണിജ്യ മന്ത്രാലയം പറയുന്നതനുസരിച്ച്, ചൈനീസ് കമ്പനികൾക്കെതിരെ ‘വിവേചനപരമായ നടപടികൾ’ സ്വീകരിച്ചതിന് പി വി എച്ച്, യു എസ് ബയോടെക്നോളജി സ്ഥാപനമായ ഇല്ലുമിന എന്നിവയെ രാജ്യത്തെ ‘വിശ്വസനീയമല്ലാത്ത സ്ഥാപന’ പട്ടികയിൽ ചേർത്തിട്ടുണ്ട്. ഈ ലിസ്റ്റിംഗ് പിഴ, വ്യാപാരനിയന്ത്രണങ്ങൾ, വിദേശജീവനക്കാർക്കുള്ള വർക്ക് പെർമിറ്റ് അസാധുവാക്കൽ എന്നിവയിൽ കലാശിക്കും. കൂടാതെ, ചൈനയുടെ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഓഫ് മാർക്കറ്റ് റെഗുലേഷൻ, രാജ്യത്തിന്റെ കുത്തകവിരുദ്ധ നിയമത്തിന്റെ ലംഘനങ്ങൾ സംശയിക്കുന്നതിന്റെപേരിൽ ഗൂഗിളിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരസ്യദാതാക്കളെപ്പോലുള്ള പ്രാദേശിക പങ്കാളികളുമായി കമ്പനി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഗൂഗിളിന്റെ സെർച്ച് എഞ്ചിൻ നിലവിൽ ചൈനയിൽ തടഞ്ഞിരിക്കുന്നു.
യു എസ് കാർഷികോപകരണങ്ങൾക്കും ഓട്ടോകൾക്കും ചൈന 10% താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് കാറ്റർപില്ലർ, ഡീർ ആൻഡ് കോ പോലുള്ള കമ്പനികളെ ബാധിക്കും. ഈ താരിഫുകൾ ഫെബ്രുവരി 10 മുതൽ പ്രാബല്യത്തിൽവരും. യു എസും ചൈനയും തമ്മിലുള്ള വ്യാപാര പിരിമുറുക്കം തുടരുന്ന സാഹചര്യത്തിലാണ് ഈ നടപടികൾ.