യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾക്ക് മുൻകൈയെടുക്കുമെന്ന ചൈനയുടെ പ്രഖ്യാപനത്തിനു പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ചൈന സന്ദർശിക്കും. ശനിയാഴ്ചയാണ് മാക്രോണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2023 ഏപ്രിലില്‍ ചൈന സന്ദര്‍ശിക്കാനാണ് പദ്ധതി.
“റഷ്യ സൈന്യത്തെ പിൻവലിക്കുകയും, യുദ്ധം അവസാനിപ്പിക്കുകയും ചെയ്താൽ മാത്രമേ സമാധാനം ഉണ്ടാകൂ. ഇതിനായി യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യയ്ക്കുമേൽ ചൈന സമ്മർദ്ദം ചെലുത്തണം” – അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം പിന്നിട്ട യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ കഴിഞ്ഞ ദിവസം യുഎന്‍ രംഗത്തുവന്നിരുന്നു. പിന്നാലെ യുദ്ധം അവസാനിപ്പിക്കാന്‍ ചൈന മുന്‍കൈയ്യെടുക്കാനും തയ്യാറായി. ഇതേതുടര്‍ന്നാണ് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയും ഷി ജിങ് പിങ്ങുമായി കൂടിക്കാഴ്ച നടത്താൻ മാക്രോണ്‍ താല്പര്യം പ്രകടിപ്പിച്ചത്.
കൂടാതെ ഷി ജിൻപിങ് ഉടൻ റഷ്യ സന്ദർശിക്കുമെന്ന് പുടിനും സൂചന നൽകിയിരുന്നു. ബെലറുസ് നേതാവ് അലക്‌സാണ്ടർ ലുക്കാൻഷോ ഫെബ്രുവരി 28 മുതൽ മാർച്ച് രണ്ട് വരെ ചൈന സന്ദർശിക്കുമെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു. പ്രസിഡന്റ് ഷീ ജിങ്പിങ്ങിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം.