രാജ്യത്തെ മുതിര്‍ന്ന പൗരന്മാരുടെ വിരമിക്കല്‍ പ്രായം ക്രമേണയും ഘട്ടം ഘട്ടമായും ഉയര്‍ത്താന്‍ പദ്ധതിയിടുന്നതായി ചൈനയിലെ മാനവവിഭവശേഷി മന്ത്രാലയം. വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിനായി പുരോഗമനപരവും വ്യത്യസ്തവുമായ പാതയാണ് ചൈന ലക്ഷ്യമിടുന്നതെന്ന് ചൈനീസ് അക്കാദമി ഓഫ് ലേബര്‍ ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി സയന്‍സസ് പ്രസിഡന്റ് ജിന്‍ വെയ്ഗാങ് പറഞ്ഞു. ഘട്ടഘട്ടമായിട്ടായിരിക്കും ഇത് നടപ്പാക്കുക.
‘റിട്ടയര്‍മെന്റ് പ്രായത്തോട് അടുക്കുന്നവര്‍ക്ക് കുറച്ച് മാസങ്ങള്‍ കൂടി വിരമിക്കല്‍ വൈകിപ്പിക്കേണ്ടി വരും’ എന്നാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. യുവാക്കള്‍ക്ക് കുറച്ച് വര്‍ഷങ്ങള്‍ കൂടുതല്‍ ജോലി ചെയ്യേണ്ടി വന്നേക്കാം. ”പരിഷ്കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ആളുകളെ അവരുടെ സാഹചര്യങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി എപ്പോള്‍ വിരമിക്കണമെന്ന് തിരഞ്ഞെടുക്കാന്‍ അനുവദിക്കുക.” എന്നതാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈന ഇതുവരെ വിരമിക്കല്‍ പ്രായത്തില്‍ വരുത്തുന്ന മാറ്റത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പുരുഷന്മാര്ക്ക് 60, വൈറ്റ് കോളര്‍ സ്ത്രീകള്‍ക്ക് 55, ഫാക്ടറികളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് 50 എന്നിങ്ങനെയാണ് നിലവിലെ വിരമിക്കല്‍ പ്രായം.
ഇത്തരമൊരു വിഷയത്തില്‍ വിവേകത്തോടെ നയം രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ കര്‍ശനമായ പഠനങ്ങളും വിശകലനങ്ങളും നടത്തുമെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി ലി ക്വിയാങ് തിങ്കളാഴ്ച പറഞ്ഞു. 2035 ആകുമ്പോഴേക്കും 60 വയസും അതില്‍ കൂടുതലുമുള്ള ആളുകളുടെ എണ്ണം 280 ദശലക്ഷത്തില്‍ നിന്ന് 400 ദശലക്ഷമായി ഉയരുമെന്നാണ് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന് കണക്കുകൂട്ടുന്നത്. ബ്രിട്ടണിലെയും യുണൈറ്റഡ് സ്റ്റേറ്റ്സിലെയും നിലവിലെ ജനസംഖ്യയ്ക്ക് തുല്യമാണ് ഇത്.