2050 ആകുമ്പോഴേയ്ക്കും കാലാവസ്ഥാ വ്യതിയാനം മൂലം ഏറ്റവും കൂടുതല്‍ അപകടം നേരിടുന്ന 50 രാജ്യങ്ങളുടെ പട്ടിക പുറത്ത്. ഓസ്ട്രേലിയ ആസ്ഥാനമായുള്ള എക്സ്ഡിഐ-ക്രോസ് ഡിപ്പെന്‍ഡെന്‍സി ഇനീഷ്യേറ്റീവ് പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് ആണ് പുറത്തു വന്നിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാനിടയുള്ള സ്ഥലങ്ങളിലെ 80 ശതമാനവും സ്ഥിതി ചെയ്യുന്നത് ചൈന, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2050ല്‍ കാലാവസ്ഥാ വ്യതിയാനം മൂലം ഏറ്റവും കൂടുതല്‍ അപകടത്തിലാകുന്ന ആദ്യ അന്‍പത് രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തായിരിക്കും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈനയില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള 26 സംസ്ഥാനങ്ങളുണ്ടെന്നും പഠനം പറയുന്നു. അമേരിക്കയില്‍ ഇത്തരം അഞ്ച് സംസ്ഥാനങ്ങളും, ഇന്ത്യയില്‍ ഒന്‍പത് സംസ്ഥാനങ്ങളുമാണ് ഉള്ളത്.
ഇന്ത്യയിലെ പഞ്ചാബ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്, തമിഴ്നാട്, ഗുജറാത്ത്, കേരളം, അസം എന്നിവയാണ് ആ ഒന്‍പത് സംസ്ഥാനങ്ങള്‍. രാജ്യത്തിന്റെ സാമ്പത്തിക, വാണിജ്യ കേന്ദ്രമായ മുംബൈ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അപകടസാധ്യത കൂടിയ സ്ഥലങ്ങളില്‍ മുന്‍പന്തിയിലുണ്ട്.
ബ്രസീല്‍, പാകിസ്ഥാന്, ഇന്തോനേഷ്യ എന്നിവയും ഈ ലിസ്റ്റിലുണ്ട്. ലോകമെമ്പാടും 2,600 മേഖലകളിലാണ് എക്സ്ഡിഐ-ക്രോസ് ഡിപ്പെന്‍ഡെന്‍സി ഇനീഷ്യേറ്റീവ് പഠനം നടത്തിയത്. പ്രളയം, കാട്ടുതീ, സമുദ്രനിരപ്പിലെ വര്‍ധനവ് തുടങ്ങിയ കാലാവസ്ഥാ വെല്ലുവിളികളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ലോകത്ത് 100 കോടിയോളം ആളുകള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതം അനുഭവിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.