Monday, November 25, 2024

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമായി തുടരാന്‍ ആഗ്രഹിക്കുന്നു: ടിബറ്റൻ ആത്മീയനേതാവ് ദലൈലാമ

ചൈനീസ് സർക്കാരുമായി ചർച്ചകൾ നടത്താന്‍ സന്നദ്ധമാണെന്ന് ടിബറ്റൻ ആത്മീയനേതാവ് ദലൈലാമ. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമായി തുടരാൻ തീരുമാനിച്ചതായും സ്വാതന്ത്ര്യം തേടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. 88-ാം ജന്മദിനം ആഘോഷിച്ച് രണ്ടു ദിവസത്തിനുശേഷം ഹിമാചൽപ്രദേശിലെ ധർമ്മശാലയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തല്‍.

“ഞാൻ എപ്പോഴും തുറന്ന സംസാരത്തിന് തയ്യാറാണ്. ടിബറ്റൻ ജനതയുടെ ആത്മാവ് വളരെ ശക്തമാണ്. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമായി തുടരാൻ ഞങ്ങൾ നേരത്തെ തീരുമാനിച്ചതാണ്. ഞങ്ങൾ സ്വാതന്ത്ര്യം തേടുന്നില്ല” – ദലൈലാമ പറഞ്ഞു. ടിബറ്റൻ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാന്‍ ചൈനക്കാർ ഔദ്യോഗികമായോ, അനൗദ്യോഗികമായോ തന്നെ ബന്ധപ്പെടാൻ ആഗ്രഹിക്കുന്നതായും അതിനാൽ ചൈനീസ് സർക്കാരുമായി ചർച്ചകൾക്ക് താൻ എപ്പോഴും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടിബറ്റൻ ബുദ്ധമതക്കാരുടെ ആത്മീയനേതാവും നോബൽ സമ്മാനജേതാവുമാണ് ദലൈലാമ. 1935 ജൂൺ 6-ന് ലാമോ തോണ്ടുപ്പ് എന്ന പേരിൽ ജനിച്ച അദ്ദേഹം രണ്ടു വർഷത്തിനു ശേഷം ദലൈലാമയുടെ 14-ാമത്തെ അവതാരമായി തിരിച്ചറിയപ്പെടുകയും ടിബറ്റിന്റെ തലസ്ഥാനമായ ലാസയിലെ വിശുദ്ധ നഗരത്തിലേക്ക് മാറുകയും ചെയ്‌തു. പിന്നീട് 1950 ഒക്ടോബറിൽ ആയിരക്കണക്കിന് ചൈനീസ് പട്ടാളക്കാർ ടിബറ്റിലേക്ക് മാർച്ച് ചെയ്യുകയും അവിടം ചൈനയുടെ ഭാഗമാണെന്നു പ്രഖ്യാപിക്കുകയും ചെയ്‌തു. അടുത്ത ഏതാനും വർഷങ്ങളിൽ, ബെയ്ജിംഗ് ടിബറ്റിൽ പിടിമുറുക്കിയതോടെ, ചൈനീസ് ഭരണത്തിനെതിരായ ചെറുത്തുനിൽപ്പ് വ്യാപിക്കാൻ തുടങ്ങി. സ്ഥിതിഗതികൾ കൂടുതൽ അസ്ഥിരമായതോടെ ദലൈലാമ 1959-ൽ തന്റെ ജന്മദേശം വിട്ട് അയൽരാജ്യമായ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അദ്ദേഹത്തിന് രാഷ്ട്രീയ അഭയം നൽകിയതിനുശേഷം ഹിമാചൽപ്രദേശിലെ ധർമ്മശാലയിലെ മക്ലിയോഡ്ഗഞ്ച് പ്രദേശത്താണ് അദ്ദേഹം താമസിച്ചുവരുന്നത്. ടിബറ്റൻ പ്രവാസ സർക്കാരിന്റെ ആസ്ഥാനവും ഇവിടെയുണ്ട്.

“വിഘടനവാദ” പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും ടിബറ്റിനെ വിഭജിക്കാൻ ശ്രമിക്കുന്നതായും ദലൈലാമയ്‌ക്കെതിരെ ചൈന നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ, താൻ സ്വാതന്ത്ര്യമല്ല തേടുന്നതെന്നും, മറിച്ച് എല്ലാ ടിബറ്റുകാരും ‘യഥാർത്ഥ സ്വയംഭരണമാണ്’ ആഗ്രഹിക്കുന്നതെന്നുമായിരുന്നു ടിബറ്റൻ ആത്മീയനേതാവിന്റെ നിലപാട്.

Latest News