ചാരബലൂണ്‍ വെടിവെച്ചിട്ടതില്‍ യുഎസിനെതിരെ ചൈന. അമേരിക്ക ‘അനിവാര്യമായ പ്രതികരണം’ നേരിടേണ്ടി വരുമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമ നടപടിക്രമത്തിന്റെ ലംഘനമാണെന്നും പ്രസ്താവനയില്‍ ചൈന കുറ്റപ്പെടുത്തി.
പ്രസിഡന്റ് ജോ ബൈഡന് അനുമതി നല്‍കിയതിനെ തുടര്‍ന്ന് ചൈനീസ് ചാര ബലൂണിനെ സൈന്യം വെടിവെച്ച് വീഴ്ത്തിയിരുന്നു. യുദ്ധവിമാനങ്ങളിലെ മിസൈല്‍ ഉപയോഗിച്ചാണ് ബലൂണ്‍ വെടിവെച്ചിട്ടത്. സമുദ്രത്തില്‍ വീണ ബലൂണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി സൈന്യം പരിശോധനകള്‍ നടത്തുകയാണ്. അവശിഷ്ടങ്ങള്‍ താഴേയ്ക്ക് പതിച്ച് വലിയ അപകടമുണ്ടാകാനുള്ള സാദ്ധ്യയുള്ളതിനാല്‍ ബലൂണ്‍ സമുദ്രത്തിന് മീതെ പ്രവേശിച്ച ശേഷമാണ് സൈന്യം വെടിയുതിര്‍ത്തത്.
ബലൂണ്‍ തങ്ങളുടേതാണെന്ന് ചൈന ആദ്യം സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ശേഷം, ബലൂണ്‍ കാലാവസ്ഥ നിരീക്ഷണത്തിനുള്ളതാണെന്നും അബദ്ധത്തില്‍ അമേരിക്കന്‍ ആകാശത്തേക്കു വഴിതെറ്റി എത്തിയതാണെന്നും ചൈന അറിയിക്കുകയായിരുന്നു.
ബലൂണ്‍ കണ്ടെത്തിയതിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈനീസ് യാത്ര റദ്ദാക്കിയിരുന്നു. ബലൂണിനെ ചൊല്ലിയുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം ഇപ്പോള്‍ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.