ചൈന റഷ്യയ്ക്ക് ആയുധങ്ങൾ നൽകുന്നുണ്ടെന്നും അതേക്കുറിച്ച് യുക്രൈന് രഹസ്യവിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. അമേരിക്കയുമായുള്ള ധാതുകരാറിൽ കാര്യമായ പുരോഗതി പ്രഖ്യാപിച്ചുകൊണ്ടാണ് സെലെൻസ്‌കി ഇക്കാര്യം അറിയിച്ചത്.
“റഷ്യയുടെ പ്രദേശത്ത് ആയുധങ്ങൾ നിർമ്മിക്കുന്നതിൽ ചില ചൈനീസ് പ്രതിനിധികൾ ഏർപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു” എന്നാണ് അദ്ദേഹം കീവിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞത്. എന്നാൽ പീരങ്കി സംവിധാനങ്ങളാണോ, ഷെല്ലുകളാണോ ഉദ്ദേശിച്ചതെന്ന് സെലെൻസ്കി വ്യക്തമാക്കിയില്ല.
റഷ്യയ്ക്കു വേണ്ടി പോരാടുന്ന ചൈനീസ് പൗരന്മാരെ പിടികൂടിയതിനെ തുടർന്ന്, ഈ ആരോപണം കൂടി വന്നതോടെ കീവും ബീജിംഗും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്.
യുക്രൈനിലെ റഷ്യയുടെ പൂർണ്ണതോതിലുള്ള അധിനിവേശത്തെ തുടർന്ന് മൂന്നുവർഷത്തെ യുദ്ധത്തിൽ നിഷ്പക്ഷതയുടെ ബാഹ്യധാരണ നിലനിർത്താനാണ് ചൈന ഇതുവരെ ശ്രമിച്ചത്. സമാധാനത്തിലേക്കു നയിക്കുന്നതിന് റഷ്യയുടെ മേലുള്ള സ്വാധീനം ചൈന ഉപയോഗിക്കണമെന്ന് യുക്രൈൻ മുമ്പ് ആവശ്യപ്പെട്ടിരുന്നു.
ചൈനയും റഷ്യയും അവരുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനായി നടത്തിയ ഈ പ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് സെലെൻസ്‌കി പറഞ്ഞു. മോസ്കോയ്ക്ക് ആയുധങ്ങൾ വിൽക്കുകയോ, വിതരണം ചെയ്യുകയോ ചെയ്യില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് തനിക്ക് നേരത്തെ വാഗ്ദാനം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.