Monday, November 25, 2024

യുക്രൈയ്ന്‍ സംഘര്‍ഷത്തിലെ ഒരു കക്ഷിക്കും ആയുധങ്ങള്‍ വില്‍ക്കില്ല; ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ്

യുക്രെയ്ന്‍ സംഘര്‍ഷത്തിലെ ഒരു കക്ഷിക്കും ആയുധങ്ങള്‍ വില്‍ക്കില്ലെന്ന് ചൈന. റഷ്യക്ക് ചൈനയില്‍നിന്ന് ആയുധസഹായം ലഭിച്ചേക്കുമെന്ന പാശ്ചാത്യരാജ്യങ്ങളുടെ ആശങ്കക്ക് മറുപടിയായി ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈന സന്ദര്‍ശിക്കുന്ന ജര്‍മന്‍ വിദേശകാര്യമന്ത്രി അന്നാലെന ബേര്‍ബോക്കിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ആയുധവില്‍പന സംബന്ധിച്ച് പ്രതികരിച്ചത്.

പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയെ ഒറ്റപ്പെടുത്താനും ഉപരോധമേര്‍പ്പെടുത്തി ശിക്ഷിക്കാനും ശ്രമിക്കുമ്പോള്‍ രാഷ്ട്രീയമായും സാമ്പത്തികമായും റഷ്യയെ പിന്തുണക്കുന്നുണ്ടെങ്കിലും യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ നിഷ്പക്ഷത പാലിക്കുകയെന്ന നിലപാടാണ് ചൈന സ്വീകരിച്ചിരിക്കുന്നത്. റഷ്യക്ക് ആയുധം വില്‍ക്കുന്നത് സംബന്ധിച്ച് ആദ്യമായാണ് ഉന്നത ചൈനീസ് പ്രതിനിധി സുവ്യക്തമായി പ്രസ്താവന നടത്തുന്നത്.

സൈനിക, സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന സാമഗ്രികളുടെ കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സൈനിക ഉപകരണങ്ങളുടെ കയറ്റുമതിയില്‍ അങ്ങേയറ്റം ഉത്തരവാദിത്തപൂര്‍ണമായ സമീപനമാണ് ചൈനക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മേഖലയിലെ സംഘര്‍ഷം രൂക്ഷമാക്കുന്നതിന് അദ്ദേഹം തായ്‌വാനെ കുറ്റപ്പെടുത്തുകയും ചെയ്തു.

 

Latest News