ഉക്രൈനിലെ യുദ്ധത്തിൽ നിന്ന് നേട്ടമുണ്ടാക്കാൻ തന്റെ രാജ്യത്തിന് ഉദ്ദേശമില്ലെന്നും ഈ വർഷം ആദ്യം ബെയ്ജിംഗ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈനയുടെ വിദേശകാര്യ മന്ത്രി പറഞ്ഞു. ബെയ്ജിംഗിൽ ചൈനീസ് സർക്കാർ മോസ്കോയുമായും കീവുമായും അടുത്തിടെ ചർച്ച നടത്തിയെന്നും യൂറോപ്പിനായുള്ള ചൈനയുടെ പ്രത്യേക സംഘം ഉടൻ ഉക്രൈയ്ൻ സന്ദർശിക്കുമെന്നും ബെർലിനിലെ തന്റെ ജർമ്മൻ പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിച്ച ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാംഗ് പറഞ്ഞു.
2022 ഫെബ്രുവരിയിൽ ഉക്രൈനിൽ അധിനിവേശം നടത്തിയത് മുതൽ റഷ്യയ്ക്ക് ചൈന രാഷ്ട്രീയ പിന്തുണയും മറ്റ് സഹായങ്ങളും നൽകുന്നതായി പാശ്ചാത്യ രാജ്യങ്ങൾ ആരോപിച്ചിരുന്നു. അതേസമയം റഷ്യയുടെ ആയുധ വ്യവസായത്തിന് നിർണായക ഘടകങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നത് യൂറോപ്യൻ യൂണിയൻ പരിഗണിക്കുകയാണ്.
എന്നാൽ ചൈനീസ് കമ്പനികൾ അങ്ങനെ ചെയ്യുന്നില്ലെന്നും റഷ്യയുമായി ചൈനക്ക് “സാധാരണ” വ്യാപാരബന്ധം മാത്രമാണുള്ളതെന്നും ക്വിൻ പറഞ്ഞു. ഒപ്പം യുദ്ധ തീയിൽ തങ്ങൾ എണ്ണ ഒഴിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.