Sunday, November 24, 2024

ചൈനയിലെ ജനസംഖ്യയില്‍ ഇടിവ്, സാമ്പത്തിക പ്രതിസന്ധി; ആറ് പതിറ്റാണ്ടിനിടയില്‍ ആദ്യം

ആറ് പതിറ്റാണ്ടിനിടെ ഇതാദ്യമായി ചൈനയിലെ ജനസംഖ്യ കഴിഞ്ഞ വര്‍ഷം ഇടിഞ്ഞു. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇതോടെ ജനസംഖ്യാ പ്രതിസന്ധി നേരിടുകയാണെന്ന് വിദഗ്ധര്‍ പറയുന്നു. 140 കോടി ജനങ്ങളുള്ള ചൈനയില്‍ ജനന നിരക്ക് റെക്കോര്‍ഡ് താഴ്ചയിലാണ്. തൊഴിലെടുക്കാന്‍ സാധിക്കുന്ന ജനം കുറയുകയാണെന്ന് അര്‍ഥം. അങ്ങനെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുകയും പൊതുഖജനാവിന് കൂടുതല്‍ സമ്മര്‍ദമേല്‍ക്കുകയും ചെയ്യും.

ഒറ്റക്കുട്ടി നയത്തിന്റെ ഫലം

ചൈനയിലെ ജനസംഖ്യ 2022 അവസാനം 1,411,750,000 ആണെന്ന് നാഷനല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സി(എന്‍ ബി എസ്)ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.5 ലക്ഷം ജനങ്ങളുടെ കുറവുണ്ടായി. 95.6 ലക്ഷം കുട്ടികളാണ് ഇക്കാലയളവില്‍ ജനിച്ചത്. മരണമാകട്ടെ 1.41 കോടിയും. ഇതിനുമുമ്പ് 1960കളുടെ തുടക്കത്തിലാണ് ചൈനീസ് ജനസംഖ്യ കുറഞ്ഞത്. ആധുനിക ചൈനീസ് ചരിത്രത്തിലെ ഏറ്റവും ദുര്‍ഘടമായ പട്ടിണി അനുഭവിച്ചപ്പോഴായിരുന്നു അത്. ഗ്രേറ്റ് ലീപ് ഫോര്‍വേഡ് എന്ന മാവോ സെദുംഗിന്റെ കാര്‍ഷിക നയത്തിന്റെ ദുരന്തപര്യവസാനമായിരുന്നു അത്.

എന്നാല്‍, അതിന് ശേഷം ജനസംഖ്യയില്‍ വന്‍ വര്‍ധനയുണ്ടാകുകയും 1980കളില്‍ ഒറ്റക്കുട്ടി നയം കര്‍ശനമായി നടപ്പാക്കുകയും ചെയ്തു. 2016ല്‍ ഈ നയം പിന്‍വലിക്കുകയും 2021ല്‍ ദമ്പതിമാര്‍ക്ക് മൂന്ന് കുട്ടികള്‍ വരെയാകാമെന്ന് ഭേദഗതി ചെയ്യുകയുമുണ്ടായി. ജനംസഖ്യാ ഇടിവ് പരിഹരിക്കാന്‍ ഈ നയവും പരാജയപ്പെട്ടുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തൊഴിലെടുക്കുന്ന ജനശക്തിയെയാണ് സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ചാലകശക്തിയായി ചൈന ഉപയോഗിക്കുന്നത്. വരും വര്‍ഷങ്ങളിലും ജനസംഖ്യായിടിവുണ്ടാകുമെന്ന് പിന്‍പോയിന്റ് അസ്സറ്റ്
മാനേജ്മെന്റ് പ്രതിനിധി ഴീവീ ഴാംഗ് പറയുന്നു.

 

Latest News